അറസ്റ്റിലായ ആഷിഖ് അഹമ്മദ്, എൽ.ബി. ബീന
മാവേലിക്കര: പാലക്കാടു ജില്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജില്‍ ബി.എസ് സി. നഴ്സിങ് സീറ്റ് വാഗ്ദാനംചെയ്ത് മാവേലിക്കര സ്വദേശിനിയില്‍നിന്നു പണംതട്ടിയ രണ്ടുപേര്‍ പിടിയില്‍. നിലമ്പൂര്‍ കാളികാവ് പൂവത്തിക്കല്‍ ആഷിഖ് അഹമ്മദ് (29), സഹായി തിരുവനന്തപുരം തിരുവല്ലം നിരപ്പില്‍ഭാഗത്ത് കൃഷ്ണകൃപ വീട്ടില്‍ എല്‍.ബി. ബീന (42) എന്നിവരെയാണു മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് നഴ്സിങ് പ്രവേശനത്തിനായി മാവേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആഷിഖ് അഹമ്മദിനെ ബന്ധപ്പെട്ടത്. സ്വകാര്യ മെഡിക്കല്‍കോളജില്‍ സീറ്റു നല്‍കാമെന്നു വാഗ്ദാനംചെയ്ത ആഷിഖ്, പെണ്‍കുട്ടിയെയും അച്ഛനെയും കോളജിലേക്കു വിളിച്ചുവരുത്തി കാമ്പസും ഹോസ്റ്റലും കാണിച്ചു. കോളേജു ജീവനക്കാരിയെന്ന വ്യാജേന ബീന പെണ്‍കുട്ടിയോടു സംസാരിച്ചു. കോളേജിന്റെ ലോഗോയുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ പെണ്‍കുട്ടിക്ക് അയക്കുകയും ചെയ്തു.
പ്രവേശനത്തിനു സംഭാവന നല്‍കണമെന്നു വിശ്വസിപ്പിച്ച് 5.31 ലക്ഷം രൂപ ആഷിഖും ബീനയും കൂടി പെണ്‍കുട്ടിയുടെ അച്ഛനില്‍നിന്നു വാങ്ങി. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവേശനം കിട്ടാഞ്ഞതിനാല്‍ കോളേജിലന്വേഷിച്ചപ്പോഴാണു പ്രവേശന നടപടി പൂര്‍ത്തിയായി ക്ലാസ് തുടങ്ങിയതറിയുന്നത്.
തുടര്‍ന്ന് മാവേലിക്കര പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. എസ്.ഐ. സി. പ്രഹ്‌ളാദന്‍, സീനിയര്‍ സി.പി.ഒ. മാരായ സിനു വര്‍ഗീസ്, പി.കെ. റിയാസ്, എസ്. സിയാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: bsc nursing admission fraud case two arrested in mavelikkara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..