ജന്തർ മന്ദറിനു മുന്നിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ, ബ്രിജ്ഭൂഷൺ | ഫോട്ടോ: എഎൻഐ, പിടിഐ
ന്യൂഡൽഹി: റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) യുടെ ലൈംഗികാരോപണം നേരിടുന്ന പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങിനെ വെട്ടിലാക്കി ഗുസ്തി താരത്തിന് നേരെയുള്ള ആക്രമണ ദൃശ്യങ്ങളും. റാഞ്ചിയിൽ പൊതുയോഗത്തിനിടെ സ്റ്റേജിൽ വെച്ച് ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണിത്. പ്രായപരിധിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഗുസ്തി താരത്തെ മത്സരിക്കാൻ അനുവദിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത താരത്തിന് നേരെയായിരുന്നു ആക്രമണം.
അതെസമയം, ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ വനിതാ താരങ്ങൾ നേരിടുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ കൊടുംതണുപ്പിൽ ഗുസ്തിതാരങ്ങൾ പ്രതിഷേധവുമായി അണിനിരന്നപ്പോൾ പിന്തുണയുമായി പൊതുസമൂഹവും പങ്കുചേർന്നു. കേന്ദ്ര കായികമന്ത്രാലയവുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനം.
പീഡനാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റിനും പരിശീലകർക്കുമെതിരേ നടപടി വേണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്തിന്റെ കായികചരിത്രത്തിലാദ്യമായി താരങ്ങൾ പ്രതിഷേധവുമായി സമരത്തിനിറങ്ങിയത്. പീഡനങ്ങൾ അവസാനിപ്പിക്കാനും ഗുസ്തിയുടെ ഭാവി സംരക്ഷിക്കാനുമുള്ള പോരാട്ടമാണിതെന്ന് അവർ ഒറ്റക്കെട്ടായി പറഞ്ഞു.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച് ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെ മുപ്പതോളം താരങ്ങളാണ് ബുധനാഴ്ച ജന്തർമന്തറിൽ സമരം ആരംഭിച്ചത്. പരിശീലകരും ബാലതാരങ്ങളും നാട്ടുകാരുമടക്കം സമരത്തിന്റെ രണ്ടാംദിവസം നൂറുകണക്കിനാളുകൾ പിന്തുണയുമായെത്തി. ഇതിനിടെ, സമരത്തിന് പിന്തുണയുമായി ഇടതുനേതാക്കളായ വൃന്ദ കാരാട്ടും ബിനോയ് വിശ്വവും സമരരംഗത്തത്തി.
പ്രതിഷേധത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്ന് വൃന്ദയോട് താരങ്ങൾ പറഞ്ഞപ്പോൾ അവർ വേദിവിട്ടു. രാഷ്ട്രീയത്തിലുപരിയായി വിഷയത്തിൽ താരങ്ങൾക്ക് പിന്തുണനൽകാനാണ് താനെത്തിയതെന്ന് വൃന്ദാ കാരാട്ട് പിന്നീട് വ്യക്തമാക്കി. സി.പി.ഐ. നേതാവ് ബിനോയ് വിശ്വവും ബി.ജെ.പി. നേതാവും ഗുസ്തി താരവുമായ ബബിത ഫോഗട്ടും സമരക്കാർക്ക് പിന്തുണനൽകാനെത്തി.
ഉച്ചയ്ക്ക് ഒരുമണിയോടെ പ്രതിഷേധക്കാരെ കായികമന്ത്രാലയം ചർച്ചയ്ക്ക് വിളിച്ചെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചർച്ചയിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ പങ്കെടുത്തിരുന്നില്ല. ഉറപ്പ് പറയുന്നുണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമൊക്കെ ഇത്തരത്തിൽ ഗുസ്തിക്കാരായ താരങ്ങളുടെ പരാതി വരുന്നുണ്ടെന്ന് ഒളിമ്പ്യൻ സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ്ഭൂഷൺ ശരൺ സിങ് സ്ഥാനമൊഴിഞ്ഞേക്കും
ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ് പദവിയൊഴിഞ്ഞേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരും പ്രതിക്കൂട്ടിലാകുന്ന സ്ഥിതി വന്നതോടെ സ്ഥാനമൊഴിയാമെന്ന് സിങ് അറിയിച്ചതായാണ് വിവരം. ഞായറാഴ്ച നടക്കുന്ന ഫെഡറേഷൻ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. വിവാദങ്ങളിൽ കേന്ദ്രകായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനോട് ബ്രിജ്ഭൂഷൺ തന്റെ ഭാഗം ഫോണിൽ വിശദീകരിച്ചതായും വിവരമുണ്ട്.
Content Highlights: Brij Bhushan Sharan Singh loses cool slaps young wrestler on stage old video goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..