
• കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചന്ദ്രനും കൃഷ്ണദാസും
കൊണ്ടോട്ടി: നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പുനൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിലെ രണ്ടു ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. ഓഫീസ് അറ്റൻഡർമാരായ കിഴിശ്ശേരി ആലുങ്ങൽ കല്ലിടുമ്പൽ വീട്ടിൽ കെ. കൃഷ്ണദാസ് (48), മഞ്ചേരി നറുകര കൂംമഠത്തിൽ കെ. ചന്ദ്രൻ (48) എന്നിവരാണ് വ്യാഴാഴ്ച രാവിലെ പിടിയിലായത്. ഇരുവരെയും കോഴിക്കോട് വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്യുമെന്ന് ജില്ലാ രജിസ്ട്രാർ ഷാജി കെ. ജോർജ് അറിയിച്ചു. വകുപ്പുതല അന്വേഷണവുമുണ്ടാകും.
അരിമ്പ്രയിലെ അച്യുതൻകുട്ടിയുടെ പരാതിയിൽ വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അമ്മ പരേതയായ കാളങ്ങാടൻ ചിരുതക്കുട്ടിയുടെ പേരിലുള്ള 95 സെന്റ് സ്ഥലം തനിക്കും ആറു സഹോദരങ്ങൾക്കുമായി ഭാഗംചെയ്യാൻ ആധാരത്തിന്റെ പകർപ്പുകിട്ടാനാണ് അച്യുതൻകുട്ടി രജിസ്ട്രാർ ഓഫീസിനെ സമീപിച്ചത്. ശരിയായ ആധാരം നഷ്ടപ്പെട്ടുപോയി. 1975-ൽ നടന്ന ആധാരമാണ്. സ്ഥലം മോങ്ങം രജിസ്ട്രാർ ഓഫീസ് പരിധിയിലാണെങ്കിലും അന്ന് കൊണ്ടോട്ടി ഓഫീസ് പരിധിയിലായിരുന്നു.
പഴയ ആധാരം കണ്ടുപിടിക്കുന്നതിന് 50,000 രൂപ നൽകണമെന്ന് കൃഷ്ണദാസും ചന്ദ്രനും ആവശ്യപ്പെട്ടു. വിലപേശലിനൊടുവിൽ 30,000 രൂപയ്ക്ക് കരാറുറപ്പിച്ചു. ആദ്യഗഡുവായി 10,000 രൂപ നൽകുന്നതിനു മുൻപാണ് വിജിലൻസുമായി പരാതിക്കാരൻ ബന്ധപ്പെട്ടത്. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 500-ന്റെ കറൻസികളുമായി, വ്യാഴാഴ്ച രാവിലെ ഓഫീസിനുമുൻപിൽനിന്ന് തുക കൈമാറുന്നതിനിടെ മഫ്തിയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൃഷ്ണദാസിനെയും ചന്ദ്രനെയും പിടികൂടുകയായിരുന്നു. കൃഷ്ണദാസാണ് പണം വാങ്ങിയത്.
വിജിലൻസ് വളഞ്ഞുവെന്നറിഞ്ഞതോടെ പണം വലിച്ചെറിഞ്ഞ് ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർമാരായ എൻ. മുഹമ്മദ്, ഷിഹാബുദ്ദീൻ, ഇൻസ്പെക്ടർമാരായ പി. ജ്യോതീന്ദ്രകുമാർ, സി. യൂസഫ്, സബ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ, പി. മോഹൻദാസ് കരുളായി, അസി. സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, പി.ബി. സലീം, സിവിൽ പോലീസ് ഓഫീസർമാരായ പ്രജിത്ത്, വിജയകുമാർ, ജിറ്റ്സ്, സന്തോഷ്, രത്നകുമാരി, രാജീവ്, സുബിൻ, സനൽ, ശ്യാമ, ഷിഹാബ്, മണികണ്ഠൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരാതിക്കാരന് പകർപ്പ് കിട്ടി
അച്യുതൻകുട്ടി ആവശ്യപ്പെട്ട ആധാരത്തിന്റെ പകർപ്പ് കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ ഉണ്ടായിരുന്നു. സബ് രജിസ്ട്രാറുടെ സീൽ പതിക്കേണ്ടതേ ഉണ്ടായിരുന്നുള്ളൂ. ജീവനക്കാർ പിടിയിലായതിനുപിന്നാലെ വിജിലൻസ് സംഘം മുൻകൈയെടുത്ത് പകർപ്പ് പരാതിക്കാരന് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..