വഴിക്കടവ് ആനമറിക്കടുത്തുള്ള ആർ.ടി.ഒ. ചെക്ക് പോസ്റ്റ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സഞ്ചരിച്ച കാറിൽനിന്നു പിടികൂടിയ പണം നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിജിലൻസ് വിഭാഗം എണ്ണിത്തിട്ടപ്പെടുത്തുന്നു. ഇടത്തുനിൽക്കുന്നത് എ.എം.വി.ഐ. ബി. ഷഫീസ്
മലപ്പുറം: വഴിക്കടവ് ആനമറിയിലെ മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിനോടു ചേര്‍ന്നുള്ള ജനറേറ്ററില്‍നിന്ന് ആയിരംരൂപ വിജിലന്‍സ് സംഘം പിടികൂടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആലപ്പുഴ കോമല്ലൂര്‍ കാരിമൂലയ്ക്കല് ഷഫീസ് മന്‍സിലില്‍ ഷഫീസിന്റെ (31) പക്കല്‍നിന്ന് കണക്കില്‍പ്പെടാത്ത 250 രൂപയും കണ്ടെടുത്തു. പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ രാത്രി ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണിത്.
കൈക്കൂലിയായി കിട്ടിയ പണം വീതംവെക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നത്. കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍നിന്ന് രേഖകള്‍ക്കൊപ്പം പണവും നല്‍കുന്നത് വിജിലന്‍സ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുള്ള പരിശോധനയിലാണ് ജനറേറ്ററിന്റെ ഒരുവശത്ത് പണം തിരുകിവെച്ച നിലയില്‍ കണ്ടത്. ഷഫീസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.
കഴിഞ്ഞ ജൂലായ് ആദ്യം ഈ ചെക്ക്പോസ്റ്റില്‍ മൂന്നുദിവസത്തെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഷഫീസിന്റെ കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത 50,070 രൂപ വിജിലന്‍സ് കണ്ടെടുത്തിരുന്നു. കായംകുളത്തേക്ക് പോകാന്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ വിജിലന്‍സ് എത്തി പരിശോധിച്ചപ്പോള്‍ പണമടങ്ങിയ ബാഗ് കണ്ടെടുക്കുകയായിരുന്നു. പണം തന്റേതല്ലെന്നു പറഞ്ഞെങ്കിലും ഷഫീസിന്റെ തിരിച്ചറിയല്ക്കാര്ഡും വസ്ത്രങ്ങളും ഇതേ ബാഗില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ചെക്ക് പോസ്റ്റ് ജോലിയില്‍നിന്ന് മാറ്റണമെന്ന് ശുപാര്‍ശ ചെയ്തെങ്കിലും നടപ്പായിട്ടില്ല.
വിജിലന്‍സ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ. മോഹനകൃഷ്ണന്, എ.എസ്.ഐ. പി. ഷഹാബ്, പി. പ്രജിത്ത്, ടി.പി. ജിറ്റ്സ് എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥനായി മാനവേന്ദ്ര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് പി.എ. റഫീഖും ഉണ്ടായിരുന്നു.
Content Highlights: bribe-vazhikkadavu check post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..