Screengrab: Mathrubhumi News
കല്പറ്റ: മുത്തങ്ങ ചെക്പോസ്റ്റ് വഴി കര്‍ണാടകയില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന ഒരുകിലോ സ്വര്‍ണം വിട്ടുകൊടുക്കാന്‍ രണ്ടുലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവരെയാണ് ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ അഞ്ചുപേരെയും മുത്തങ്ങയില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഈ മാസം 20-ന് വൈകീട്ട് ആറുമണിയോടെ മുത്തങ്ങ ചെക്പോസ്റ്റ് വഴി രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണമാണ് ഇവര്‍ പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 750 ഗ്രാം സ്വര്‍ണം വിട്ടുകൊടുത്തശേഷം ബാക്കി പിടിച്ചുവെക്കുകയായിരുന്നെന്നാണ് പരാതി. പരാതി ശരിവെക്കുന്നതാണ് ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ജോസഫ് സ്വര്‍ണത്തിന്റെ ഉടമയുമായി വിലപേശല്‍ നടത്തിയെന്നും രണ്ടുലക്ഷം രൂപവാങ്ങിയശേഷമാണ് പിടിച്ചുവെച്ച 250 ഗ്രാം സ്വര്‍ണം വിട്ടുകൊടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിനിരോധന നിയമപ്രകാരം കുറ്റകരമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും പദവിക്ക് യോജ്യമായ നടപടികളല്ല ഇന്‍സ്പെക്ടര്‍ പി.എ. ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഞ്ചുപേര്‍ക്കും സംഭവത്തില്‍ ഒരുപോലെ പങ്കുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസഫിന്റെ പ്രവൃത്തി എക്സൈസ് വകുപ്പിന് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ കൃത്യവിലോപമാണ് അഞ്ചുപേരുടെയും ഭാഗത്തുനിന്നുണ്ടായതെന്നുമാണ് കമ്മിഷണറുടെ ഉത്തരവില്‍ വിശദമാക്കുന്നത്. കണ്ണൂരിലുള്ളയാള്‍ക്കുവേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിയാണ് സംഭവമറിഞ്ഞ് ആദ്യമായി എക്സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
Content Highlights: bribe for gold smuggling five excise officers suspended in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..