മോൺസൻ മാവുങ്കൽ
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലില്‍ നിന്ന് പണം വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. കളമശ്ശേരി മെട്രോ സ്റ്റേഷന് സി.ഐ എ. അനന്തലാല്‍, വയനാട് മേപ്പാടി എസ്.ഐ എ.ബി. വിപിന്‍ എന്നിവരാണ് മോന്‍സണില്‍നിന്ന് പണം വാങ്ങിയതായി കണ്ടെത്തിയത്. അനന്തലാല്‍ ഒരു ലക്ഷവും വിപിന്‍ 1.8 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. ഫെബ്രുവരി 22-നാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി. അനില്‍കാന്ത് ഉത്തരവിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പണം കൈമാറ്റത്തിന്റെ വിവരം അന്വേഷണ സംഘത്തിന് കിട്ടിയത്. മോന്‍സന്റെ സഹായിയും തട്ടിപ്പുകേസില്‍ പ്രതിയുമായ ജോഷി കെ.ജെ.യുടെ അക്കൗണ്ടില്‍ നിന്നാണ് ഇരുവര്‍ക്കും പണമെത്തിയത്. അതില്‍ വിപിന്റെ അക്കൗണ്ടിലേക്ക് ആദ്യം ഒരുലക്ഷം, പിന്നീട് 50,000, ജോഷിയുടെ തന്നെ മറ്റൊരു അക്കൗണ്ടില്‍ നിന്ന് 30,000 എന്നിങ്ങനെയാണ് പണം എത്തിയിരിക്കുന്നതെന്ന് കണ്ടെത്തി.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. 2021 ഒക്ടോബര്‍ ആറിന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍, മോന്‍സണില്‍ നിന്ന് കടം വാങ്ങിയതാണ് തുകയെന്നാണ് ഇരു പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞത്. ഈ വാദം അവിശ്വസനീയമാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി.യാണ് അന്വേഷണ ഉദ്യോഗസ്ഥന്. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്.
തട്ടിപ്പുകാരനില്നിന്ന് പണം സ്വീകരിച്ചതും സ്വീകരിച്ചവരുടെ സത്യസന്ധതയും സംശയാസ്പദമാണെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം അഴിമതി സേനയുടെയും പ്രതിച്ഛായ തകര്‍ക്കുമെന്നതിനാലാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പുരാവസ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 കോടി രൂപയുടെ തട്ടിപ്പാണ് മോന്സണ് മാവുങ്കല്‍ നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോന്‍സനുമായി ബന്ധമുണ്ടെന്ന ആരോപണം മുമ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ഉയര്‍ന്നിരുന്നു. തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചുകൊണ്ടിരിക്കയാണ്.
Content Highlights: bought money from monson, crime branch Investigation against CI and SI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..