ഫ്ളാറ്റിന് മുന്നിൽ പോലീസ് പരിശോധന നടത്തുന്നു
ന്യൂഡല്‍ഹി: 50-കാരിയായ സ്ത്രീയേയും രണ്ട് പെണ്മക്കളേയും ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലുള്ള ഫ്ളാറ്റില്‍ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. 50 വയസുള്ള മഞ്ജു, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് മരിച്ചത്. ഫ്ളാറ്റില്‍ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നതായിരുന്നു. മുറിയിലെത്തുന്നവർക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ളതായിരുന്നു കുറിപ്പ്.
വസന്ത് വിഹാലുള്ള വസന്ത് അപാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലാണ് സംഭവം. ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും രാവിലെ എട്ടരയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ മൂന്ന് പേരും മരിച്ച നിലയിലായിരുന്നു. അകത്തെ മുറിയില്‍ കിടക്കയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്.
ഫ്ളാറ്റിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച് ഭദ്രമാക്കിയിരുന്നു. വായു പുറത്ത് കടക്കാതിരിക്കാന്‍ പോളീത്തീന്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് കവറുകളും മറ്റും വരുത്തിയതെന്ന് പോലീസ് കണ്ടെത്തി. പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. സമീപത്ത് കല്‍ക്കരി കത്തിച്ച് വെക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫ്ളാറ്റിലേക്ക് കയറുന്ന ആരും തീ കത്തിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.
'മാരകമായ വാതകം... ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ്. അത് കത്തുന്നതാണ്. ദയവായി ജനല്‍ തുറന്ന് ഫാന്‍ ഓണ്‍ ചെയ്ത് മുറിയില്‍ വായുസഞ്ചാരമുണ്ടാക്കുക. തീപ്പെട്ടിയോ മെഴുകുതിരിയോ മറ്റോ കത്തിക്കരുത് മുറിയില്‍ അപകടകരമായ വാതകം നിറഞ്ഞതിനാല്‍ കര്ട്ടന് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ശ്വസിക്കരുത്', എന്നൊക്കെ ഇംഗ്ലീഷിലുള്ള ആത്മഹത്യാ കുറിപ്പില്‍ കുറിച്ചിരുന്നു.
ആത്മഹത്യ ചെയ്ത മഞ്ജു എന്ന സ്ത്രീയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം ഈ കുടുംബം അസ്വസ്ഥരായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. മഞ്ജുവിനും സുഖമില്ലായിരുന്നു. കുറച്ചുനാളായി ഇവരും കിടപ്പിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Bodies Of Woman, Daughters Found In 'Gas Chamber' Like Delhi Flat With 'Horrifying' Note
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..