പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ ഒരുകുടുബത്തിലെ ഏഴുപേർ മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. മകന്റെ മരണത്തിന് പ്രതികാരമെന്നോണമാണ് ഏഴ് പേരെയും കൊലപ്പെടുത്തിയതെന്ന് പൂണെ റൂറൽ എസ്.പി. അങ്കിത് ഗോയൽ പറഞ്ഞു.
ഐ.പി.സി. സെക്ഷൻ 302, 120 ബി പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Bodies Of 7 From Same Family Found In Pune River
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..