Screengrab: Youtube.com/Newsfirst kannada
ഭുവനേശ്വര്‍: വരനായ എം.എല്‍.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന് ആരോപിച്ച് പ്രതിശ്രുത വധുവിന്റെ പരാതി. ഒഡീഷയിലെ ബി.ജെ.ഡി. എം.എല്‍.എയായ ബിജയ് ശങ്കര്‍ ദാസിനെതിരേയാണ് പ്രതിശ്രുത വധുവായ സൊമാലിക ദാസ് പോലീസിനെ സമീപിച്ചത്. ജൂണ്‍ 17-ാം തീയതി സബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നുമാണ് ഇവരുടെ ആരോപണം.
നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എല്‍.എയോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഓഫീസില്‍ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എല്‍.എക്കെതിരേ പ്രതിശ്രുത വധു പരാതി നല്‍കിയിരിക്കുന്നത്. എം.എല്‍.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രതിശ്രുധ വരനെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്.
അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങളെല്ലാം കള്ളമാണെന്നായിരുന്നു എം.എല്‍.എ.യുടെ പ്രതികരണം. ജൂണ്‍ 17--ാം തീയതിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നല്കി 90 ദിവസത്തിനകം വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജയ് ശങ്കര്‍ ദാസും സൊമാലികയും കോളേജ് പഠനകാലത്താണ് പ്രണയത്തിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് കമിതാക്കളുടെ സ്വകാര്യ വീഡിയോ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ സൊമാലിക പോലീസിനെ സമീപിച്ചു. ഇതിനുപിന്നാലെയാണ് മധ്യസ്ഥര്‍ ഇടപെട്ട് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
അതിനിടെ, പ്രതിശ്രുത വരനെതിരേ സൊമാലിക ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവിലേക്ക് പണം കണ്ടെത്താന്‍ എം.എല്‍.എ സെക്സ് റാക്കറ്റ് നടത്തിയതായാണ് പ്രധാന ആരോപണം. മുന്‍ മന്ത്രിയും പിതാവുമായ ബിഷ്ണു ചരണ്‍ ദാസിന്റെ ഒത്താശയോടെ എം.എല്‍.എ. തന്റെ മാര്‍ക്ക്ലിസ്റ്റില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..