പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ
മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി ചാക്കില്‍ കടത്തുന്നതിനിടയില്‍ അഞ്ചു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തലയാര്‍ എസ്റ്റേറ്റ് കടുകുമുടി ഡിവിഷനില്‍ രമേശ് (40), കാളിദുരെ (41), കറുപ്പുസ്വാമി (50),രാമര്‍ (46), അമൂല്‍ രാജ്(35) എന്നിവരെയാണ് മൂന്നാര്‍ റേഞ്ചോഫീസര്‍ അരുണ്‍ മഹാരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പ്രതികള്‍ അഞ്ചുപേരും തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ്. ഇവരില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയിലുള്ള 80 കിലോ ഇറച്ചിയും പിടിച്ചെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
നായ്ക്കള്‍ ഓടിച്ചുകൊണ്ടുവന്ന കാട്ടുപോത്ത് എസ്റ്റേറ്റിലുള്ള വലിയ കുഴിയില്‍ വീണു. കുഴിയില്‍ വീണ പോത്തിന്റെ തല കാട്ടുവള്ളികളില്‍ കുടുങ്ങി. ഈ സമയം ഈ ഫീല്‍ഡില്‍ ജോലിചെയ്തിരുന്ന പ്രതികളിലൊരാള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കാട്ടുപോത്തിനെ വെട്ടിക്കൊന്നു.
ഇതിനുശേഷം ഇറച്ചിയാക്കി അഞ്ചു ചാക്കുകളിലാക്കി വീടുകളിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ ഇറച്ചിയും മറ്റ് അവശിഷ്ടങ്ങളും കണ്ടെടുത്തു.
രാത്രിയോടെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..