• പ്രതികളുടെ ദൃശ്യം സി.സി.ടി.വി.യിൽനിന്ന്
ആലപ്പുഴ: ‘നിങ്ങളെപ്പോലെ പ്രായമായവർ സ്വർണമാലയണിഞ്ഞ് ഇങ്ങനെ റോഡിലൂടെ നടക്കരുത്. ബൈക്കിലെത്തി മാലമോഷ്ടിക്കുന്നവർ നിരവധിയാണ്. മോഷ്ടാക്കളെ ശ്രദ്ധിക്കണം. മാല ഊരി നിങ്ങളുടെ ബാഗിലേക്കിടൂ’- പോലീസാണെന്നു പറഞ്ഞ് ബുള്ളറ്റിലെത്തിയ രണ്ടു യുവാക്കൾ ഇങ്ങനെ പറഞ്ഞപ്പോൾ ആ വയോധിക വിശ്വസിച്ചുപോയി. കഴുത്തിലെ മാല ഊരി കൈയിലുണ്ടായിരുന്ന ബാഗിലേക്കിടാൻ തുനിഞ്ഞപ്പോൾ നഷ്ടമായത് നാലുപവന്റെ മാല.
തിങ്കളാഴ്ച കളപ്പുര ഗവ. ഗസ്റ്റ് ഹൗസിനു തെക്കുഭാഗത്താണ് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ സ്വർണമാല അപഹരിച്ചു കടന്നുകളഞ്ഞത്. ഭർത്താവുമൊത്ത് റോഡിലൂെട നടന്നുപോകുകയായിരുന്നു വയോധിക. ബുള്ളറ്റിൽ ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ ഇവർ പോലീസാണെന്നു പരിചയപ്പെടുത്തി ഉപദേശിക്കുകയായിരുന്നു. വയോധിക മാല കഴുത്തിൽനിന്ന് ഊരിയപ്പോൾ മാലവാങ്ങി അവരുടെ ബാഗിലേക്കിടാൻ സഹായിക്കാനെന്നപോലെ അഭിനയിച്ച് സ്വന്തം ബാഗിലേക്കിട്ട് നിമിഷങ്ങൾകൊണ്ട് മോഷ്ടാക്കൾ മുങ്ങി. വയോധികയും ഭർത്താവും ഞെട്ടിപ്പോയി. ഇപ്പോഴും അതു പറയുമ്പോൾ അവർക്കു നടുക്കം.
സംഭവമറിഞ്ഞയുടനെ നോർത്ത് പോലീസ് അന്വേഷണമാരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽ പരിശോധിച്ചപ്പോൾ രണ്ടു യുവാക്കളെയും ബുള്ളറ്റും കണ്ടെത്തി. എന്നാൽ, ഇവരെ തിരിച്ചറിയാൽ സാധിച്ചിട്ടില്ല. ബുള്ളറ്റിന്റെ നമ്പർപ്ലേറ്റ് മനസ്സിലാക്കാൻപാടില്ലാത്ത രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹിന്ദികലർന്ന ഭാഷയിലാണ് ഇവർ സംസാരിച്ചതെന്നാണ് വയോധിക പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതിനു മുമ്പും എറണാകുളം, കൊല്ലം എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്ന് നോർത്ത് പോലീസ് പറയുന്നു.
Content Highlights: Bikers snatch gold chain for walkers after free advice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..