പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
പട്‌ന: ബിഹാറില്‍ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളം മോഷ്ടിച്ച് കടത്തി. സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയില്‍പാളമാണ് മോഷ്ടാക്കള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയത്. കോടികള്‍ വിലവരുന്ന റെയില്‍പാളം ആക്രിക്കച്ചവടക്കാരന് വിറ്റതായാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചസാര മില്‍ അടച്ചുപൂട്ടിയതോടെ പണ്ഡൗല്‍-ലോഹത് ഷുഗര്‍ മില്‍ പാതയില്‍ ഏതാനുംവര്‍ഷങ്ങളായി തീവണ്ടി ഗതാഗതമില്ല. ഈ പാതയിലെ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളമാണ് കടത്തിക്കൊണ്ടുപോയത്. മോഷണം നടന്നിട്ടും ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരായ ശ്രീനിവാസ്, മുകേഷ് കുമാര്‍ സിങ് എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ അന്വേഷണം നടത്താനായി വകുപ്പുതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തതായും സമസ്തിപുര്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ അശോക് അഗര്‍വാളും അറിയിച്ചു. സംഭവം യഥാസമയം വകുപ്പിനെ അറിയിക്കാതിരുന്നതിനാണ് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. റെയില്‍പാളം മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ ദര്‍ബഗംഗ ആര്‍.പി.എഫും റെയില്‍വേ വിജിലന്‍സുമാണ് അന്വേഷണം നടത്തുന്നത്.
Content Highlights: bihar railway track theft two rpf personnel suspended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..