രവികുമാർ ഷാ
കൊല്ലങ്കോട്: വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല ചെളികളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവില്‍ മുക്കി തട്ടിപ്പുനടത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബിഹാര്‍ സ്വദേശി രവികുമാര്‍ ഷായെ (24) ആണ് തട്ടിപ്പുനടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. പ്രതിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.
പനങ്ങാട്ടിരി അമ്പലപ്പറമ്പില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഓട്ടുപാത്രങ്ങള്‍ സൗജന്യമായി തിളക്കമുള്ളതാക്കിത്തരാമെന്ന് പറഞ്ഞ് രണ്ടുപേരുടെ സംഘം അമ്പലപ്പറമ്പില്‍ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ (84) വീട്ടിലെത്തുകയായിരുന്നു. പൊന്നു നല്കിയ വിളക്കുകള്‍ ഉടന്‍തന്നെ നിറമുള്ളതാക്കി നല്കി. തുടര്‍ന്ന്, പൊന്നുവിന്റെ കഴുത്തിലുള്ള സ്വര്ണമാലയില് നിറയെ ചെളിയുണ്ടെന്നും നിറംവരുത്തിത്തരാമെന്നും പറഞ്ഞ് രണ്ടേകാല്‍ പവന് വരുന്ന മാല ഊരിവാങ്ങുകയായിരുന്നു.
രാസലായനിയില്‍ മാല കുറേനേരം മുക്കിയശേഷം പുറത്തെടുക്കുകയും ഒരു കടലാസില്‍ പൊതിഞ്ഞ് 15 മിനിറ്റിനുശേഷം തുറന്നുനോക്കിയാല്‍ മതിയെന്നും അറിയിച്ചു. വീട്ടിനകത്തുണ്ടായിരുന്ന പൊന്നുവിന്റെ മകന് കൃഷ്ണദാസ് പുറത്തുവരുമ്പോഴേയ്ക്കും ഉരുക്കിമാറ്റിയ സ്വര്‍ണവുമായി രണ്ടാമത്തെയാള്‍ രക്ഷപ്പെട്ടു.
സംശയംതോന്നി പൊതി തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഉടന്‍ തന്നെ പരിസരവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരിച്ചുനല്‍കിയ പൊതിക്കകത്ത് നാരുപോലെ കറുത്ത ഒരു അവശിഷ്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും രണ്ടുപവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: bihar native arrrested in kollengode for fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..