സിക്കന്ദർ സാദ
മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്സാപ്പ് പ്രൊഫൈല്‍ നിര്‍മിക്കുകയും വ്യാജ സമ്മാന ലിങ്കുകള്‍ ആളുകള്‍ക്ക് അയക്കുകയുംചെയ്ത ബിഹാര്‍ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദര്‍ സാദ (31)യെയാണ് മലപ്പുറം സൈബര്‍ ക്രൈംബ്രാഞ്ച് ഉഡുപ്പി സിദ്ധപുരയില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് മലപ്പുറം എസ്.പി. സുജിത് ദാസിന്റെ ചിത്രംവെച്ചുള്ള സന്ദേശങ്ങള്‍ വന്നു. യൂണിഫോമിട്ട ചിത്രമുപയോഗിച്ചാണ് പ്രൊഫൈല്‍ നിര്‍മിച്ചത്. അതോടൊപ്പം സാധാരണക്കാര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങളും ലിങ്കുകളും അയച്ചു. ഔദ്യോഗിക നമ്പറില്‍നിന്നല്ലാതെ സന്ദേശങ്ങള്‍ വന്നത് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. നാട്ടുകാരില്‍നിന്ന് പരാതി വരാന്‍ തുടങ്ങി. അങ്ങനെയാണ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്.
ബിഹാര്‍, യു.പി. എന്നിവിടങ്ങളിലെ തട്ടിപ്പുസംഘമാണ് ഇതിനു പിന്നിലെന്ന് മനസ്സിലായിരുന്നു. അന്വേഷണം തുടങ്ങിയപ്പോഴേക്ക് തട്ടിപ്പിനുപയോഗിച്ച വാട്സാപ്പ് അക്കൗണ്ട് നിഷ്ക്രിയമാക്കി പ്രതികള്‍ മുങ്ങി. നിരന്തരം പ്രതികളെ നിരീക്ഷിച്ചതിലൂടെ ജമ്മുകശ്മീര്‍ മുതല്‍ കര്‍ണാടകം വരെയുള്ള വിവിധ വിലാസങ്ങള്‍ ഉപയോഗിച്ച് വീണ്ടും തട്ടിപ്പുനടത്തുന്നതായി ബോധ്യപ്പെട്ടു. അങ്ങനെയാണ് മലപ്പുറം ഡിവൈ.എസ്.പി. പി. അബ്ദുള്‍ബഷീറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ എം.ജെ. അരുണും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അശോക്കുമാര്, സി.പി.ഒ. രഞ്ജിത്, രാമചന്ദ്രന് എന്നിവരടങ്ങുന്ന സംഘം കര്‍ണാടകത്തില്‍ തങ്ങി പ്രതിയെ പിന്തുടര്ന്ന് പിടികൂടിയത്.
തട്ടിപ്പിനുപയോഗിച്ച സിംകാര്‍ഡുകളും മൊബൈല്‍ഫോണുകളും കണ്ടെടുത്തു. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സിക്കന്ദറിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ്ചെയ്തു.
Content Highlights: bihar native arrested for creating fake whatsapp with photo of malappuram sp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..