അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: twitter.com/ndtvfeed
പട്ന: അമിതവേഗത്തിലെത്തിയ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തില്‍ ബംഗ്റ സ്വദേശിയായ ശങ്കര്‍ ചൗദൂറാണ് മരിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെപോയ കാര്‍ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ദേശീയപാത 27-ല്‍ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളില്‍ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാര്‍ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോള്‍ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു.
ബോണറ്റിലേക്ക് വീണ ശങ്കര്‍ കാറിന്റെ വൈപ്പറില് തൂങ്ങിപിടിച്ചാണ് കിടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബോണറ്റില്‍ പിടിച്ചുകിടന്ന ശങ്കര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബഹളംവെച്ചിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്തിയില്ല. നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതിരുന്ന കാര്‍ എട്ടുകിലോമീറ്ററോളം ദൂരെ അതേവേഗത്തില്‍ സഞ്ചരിച്ചു. പിന്നീട് ബ്രേക്ക് ചെയ്തപ്പോള്‍ ശങ്കര്‍ റോഡിലേക്ക് വീഴുകയും ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാര്‍ വീണ്ടും മുന്നോട്ടുപോവുകയുമായിരുന്നു. ശങ്കര്‍ തല്‍ക്ഷണം മരിച്ചു.
സ്ഥലത്തെത്തി പോലീസ് സംഘം മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പട്രോള്‍ ടീമുകള്‍ക്കും അപകടത്തെക്കുറിച്ച് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് പിപ്രാകോത്തി പോലീസാണ് കാര്‍ കണ്ടെത്തിയത്. എന്നാല്‍, ഡ്രൈവറും മറ്റുയാത്രക്കാരും രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും കാറുടമയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: bihar man hit by car and dragged him for eight kilometers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..