Photo: ANI
പട്‌ന: ബിഹാറിലെ റോഹ്ത്താസ് ജില്ലയില്‍ 60 അടി നീളമുള്ള ഇരുമ്പ് പാലം പൊളിച്ചുകടത്തിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയ ജലസേചന വകുപ്പിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ അടക്കമുള്ളവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. പ്രതികളില്‍നിന്ന് ഒരു ജെ.സി.ബി.യും 247 കിലോ ഇരുമ്പ് അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് അമിയാവര്‍ ഗ്രാമത്തിലെ ഇരുമ്പ് പാലം മോഷ്ടാക്കള്‍ പൊളിച്ചുകടത്തിയത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് മോഷണസംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് മൂന്നുദിവസം കൊണ്ടാണ് ജെ.സി.ബി.യും ഗ്യാസ് കട്ടറും അടക്കം ഉപയോഗിച്ച് പാലം പൊളിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് കരുതി പ്രാദേശിക ഭരണകൂടവും നാട്ടുകാരും ഇവര്‍ക്ക് എല്ലാവിധ സഹായവും നല്‍കിയിരുന്നു.
കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന പാലമാണ് മോഷ്ടാക്കള്‍ പകല്‍വെളിച്ചത്തില്‍ പൊളിച്ചുകടത്തിയത്. 1972-ലാണ് അരാ കനാലിന് കുറുകെ ഇരുമ്പ് പാലം നിര്‍മിച്ചത്. അപകടാവസ്ഥയിലായതിനാല്‍ കുറേക്കാലമായി ആരും ഈ പാലം ഉപയോഗിച്ചിരുന്നില്ല. ഇതിനിടെയാണ് ഏവരെയും അമ്പരപ്പിച്ച് പാലം അപ്പാടെ പൊളിച്ച് കടത്തിയ സംഭവമുണ്ടായത്. ഒടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനടക്കം മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പൊളിച്ചുകടത്തിയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതികള്‍ ആക്രിവിലയ്ക്ക് വിറ്റതായാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പങ്കുള്ള സബ് ഡിവിഷണല്‍ ഓഫീസര്‍ മോഷണം ആരംഭിച്ച ദിവസം മുതല്‍ അവധിയില്‍ പോയിരുന്നു. മോഷണവുമായി ബന്ധമുണ്ടെന്ന കാര്യം പുറത്തറിയാതിരിക്കാനാണ് ഇയാള്‍ അസുഖമാണെന്ന് പറഞ്ഞ് അവധിയെടുത്തതെന്നും പോലീസ് പറഞ്ഞു. മോഷണസമയത്ത് ഒരു സര്‍ക്കാര്‍ എന്‍ജിനീയര്‍ സ്ഥലത്തുണ്ടായിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: bihar bridge theft case a government officer and seven others arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..