പ്രതീകാത്മക ചിത്രം | മാതൃഭൂമി
രാജക്കാട്: ബിവറേജസ് ഔട്ട്ലെറ്റില്നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യം വില്ക്കാന് ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റുചെയ്തു.
പൂപ്പാറ ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസ നഗറില്‍ ബിനു(50), ബന്ധുവായ പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു(40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകന് എബിന്(22) എന്നിവരെയാണ് ശാന്തന്‍പാറ സി.ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പൂപ്പാറ തലക്കുളത്തിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തത്.
ഇവര്‍ സഞ്ചരിച്ച ജീപ്പില്‍നിന്ന് 35 ലിറ്റര്വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. മദ്യം എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അന്വേഷിച്ചുവരുകയാണ്. എറണാകുളത്തുനിന്നാണെന്നാണ് സൂചന. ഒരു പ്രമുഖ ബ്രാന്‍ഡ് മദ്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പികളായിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപയ്ക്ക് നല്‍കാമെന്ന് ബിനു പറഞ്ഞത് മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു. ഈ വിവരം ബിവറേജസ് അധികൃതര്‍ പോലീസിനെയും എക്സൈസ് വിഭാഗത്തിനെയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ബിനുവിന്റെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എബിന് ഓടിച്ച ജീപ്പില്നിന്നുമാണ് വ്യാജമദ്യം കണ്ടെത്തിയത്.
Content Highlights: bevco employee and three others arrested for selling illegal liquor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..