Image: NDTV
ബെംഗളൂരു: കെട്ടിടസമുച്ചയത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് യുവതി നാലുവയസുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊന്നു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
കുഞ്ഞിനെ താഴേക്കിട്ടതിന് പിന്നാലെ ബാല്‍ക്കണിയിലെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വലിച്ച് താഴെയിറക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരപരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയ്ക്ക് സംസാര-കേള്‍വി വൈകല്യമുണ്ടായിരുന്നു. മകള്‍ മൂകയും ബധിരയുമായതില് യുവതി ഏറെ ദുഃഖിതയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി ദന്തരോഗവിദഗ്ധയും ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമാണ്.
യുവതിയുടെ മാനസികനിലയുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ശ്രീനിവാസ് ഗൗഡ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..