അറസ്റ്റിലായ ശരത് ചക്രവർത്തി
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരില്‍ ബി.ഡി.എസ്. വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയന്‍കുളങ്ങര, ദീപക് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവര്‍ത്തി(30)യാണ് അറസ്റ്റിലായത്. 2016 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശരത് ചക്രവര്‍ത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണില്‍ വിളിച്ച് ശല്യം ചെയ്തു. ഇതിനെത്തുടര്‍ന്ന് യുവതി വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര പോലീസ് അന്വേഷിച്ച കേസ് 2017-ല്‍ ക്രൈംബ്രാഞ്ചിനു കൈമാറി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ച് സമരവും നടത്തിയിരുന്നു.
ബി.ഡി.എസ്. കഴിഞ്ഞ് ഹൗസ്സര്‍ജന്‍സി ചെയ്യുകയായിരുന്നു 23-കാരി. ജീവനൊടുക്കുന്നതിനു മുന്‍പായി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ശരത് ചക്രവര്‍ത്തി ഈ സംഭവത്തിനുശേഷവും നിരവധി പെണ്‍കുട്ടികളെ മൊബൈല്‍ചാറ്റിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി. പരിചയപ്പെടുന്ന യുവതികളുമായി പ്രണയംനടിച്ച ശേഷം പീഡിപ്പിക്കുകയാണ് പ്രതി ചെയ്യുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി. എ.ഷാനവാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
എസ്.ഐ. ജെ.എസ്.രതീഷ്, സി.പി.ഒ.മാരായ അനില്‍, പദ്മകുമാര്‍, രവി, വിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയുടെ വീട്ടുകാരും ചില പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ആരോപിച്ചു. മകള്‍ എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്നവര്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
Content Highlights: bds student suicide accused youth arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..