Screengrab: Mathrubhumi
കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെയും പാര്‍ട്ടി അനുഭാവിയേയും സംരക്ഷിച്ച് പോലീസ്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ജിഷ്ണുവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നജാഫ് ഹാരിസിനും സി.പി.എം. അനുഭാവി ഷാലിദിനും പങ്കില്ലെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയതോടെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തായത്. കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്തത് മുതല്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പോലീസിന് സിപിഎമ്മില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു.
കൊടിതോരണങ്ങള്‍ നശിപ്പിച്ചതായി സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ, ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. എസ്ഡിപിഐ, മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഒന്നുമുതല്‍ പത്തുവരെയുള്ള പ്രതികള്‍ അടക്കം കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. കേസിലെ 11,12 പ്രതികളായ നജാഫ് ഹാരിസും ഷാലിദും ഒഴികെയുള്ള പ്രതികളാണ് യുവാവിനെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1,2,3 പ്രതികള്‍ ജിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുവെച്ച് ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി. 4,5,6,7 പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. കൊടികളും ഫ്‌ളക്‌സുകളും കീറിയെന്ന് ജിഷ്ണു സമ്മതിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തൊട്ടടുത്ത വയലിലേക്ക് വലിച്ചുകൊണ്ടുപോയി തല വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മറ്റ് പ്രതികളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെല്ലാമെന്ന് കൃത്യമായി പറയുമ്പോള്‍ 11, 12 പ്രതികള്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് പോലും പോലീസിന്റെ റിപ്പോര്‍ട്ടിലില്ല.
അക്രമത്തിന് ശേഷം നജാഫ് ഹാരിസ് ഉള്‍പ്പടെയുള്ള പ്രതികളാണ് ജിഷ്ണുവിനെ പോലീസിന് കൈമാറിയത്. നജാഫ് ഫാരിസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജിഷ്ണുവിനെതിരെ പോലീസ് ആയുധ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഈ പ്രതിയെ സംരക്ഷിച്ചുകൊണ്ടാണ് പോലീസിന്റെ റിപ്പോര്‍ട്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..