ജിഷ്ണുരാജ്, അക്രമികൾ പകർത്തിയ വീഡിയോയിൽ ജിഷ്ണുരാജ്
ബാലുശ്ശേരി: അന്ന് അവന്റെ പിറന്നാളായിരുന്നു. ആഘോഷങ്ങൾ നിറയേണ്ട ആ ദിവസത്തെക്കുറിച്ചുള്ള ഓർമയിൽ പക്ഷേ, വളഞ്ഞിട്ട് അട്ടഹാസംമുഴക്കുന്ന ആൾക്കൂട്ടം മാത്രമാണുള്ളത്. ഭയത്തിന്റെ, നിസ്സഹായതയുടെ, ആത്മനിന്ദയുടെ പാരമ്യതയിൽ അവൻ ഒന്നുമല്ലാതായിപ്പോയ ദിവസം. ജൂൺ 23-ന് അർധരാത്രി 12.30-ന് ബാലുശ്ശേരി പാലോളിമുക്കിൽ പ്രചാരണബോർഡ് കീറിയെന്നാരോപിച്ച് മുപ്പതോളംപേരുടെ ദാക്ഷിണ്യമില്ലാത്ത വിചാരണയ്ക്കും ക്രൂരമർദനത്തിനുമിരയായ വാഴേന്റെവളപ്പിൽ ജിഷ്ണുരാജ് രണ്ടുദിവസംമുൻപാണ് ആശുപത്രിവിട്ടത്. മരണം മുന്നിൽവന്നുനിന്ന ആ രണ്ടരമണിക്കൂറുകൾ പക്ഷേ, ദിവസങ്ങൾ പിന്നിട്ടിട്ടും അവനെ വേട്ടയാടുകയാണ്. പരസഹായംകൂടാതെ നടക്കാൻ ഇനിയുമായിട്ടില്ല. തലയ്ക്കേറ്റ അടിയുടെ ഫലമായി വിട്ടുമാറാത്ത തലവേദനയുണ്ട്.
സുഹൃത്തുക്കൾ, ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കുത്തരം നൽകാൻ ആ ഭീകരരാത്രി ഓർത്തെടുക്കുമ്പോൾ ശരീരം തളരുന്നതായി ജിഷ്ണു പറയുന്നു. മാറിമാറി മർദിച്ചും ചെളിയിൽ വലിച്ചിഴച്ചും തോട്ടിലെ വെള്ളത്തിൽ തലമുക്കിയും ഇരുപത്തിരണ്ടുകാരനായ ചെറുപ്പക്കാരനോട് ആൾക്കൂട്ടം ചെയ്ത ക്രൂരതകൾ മനഃസാക്ഷിയെത്തന്നെ മരവിപ്പിക്കും. ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിൽ മധുവിനെ അടിച്ചുകൊന്ന അതേ ആൾക്കൂട്ടം. മരണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ജിഷ്ണുവിനു പക്ഷേ, പകരം കൊടുക്കേണ്ടിവന്നത് മാനംതന്നെയാണ്. പ്രദേശത്ത് ഇതിനുമുമ്പ് കൊടി നശിപ്പിച്ചതും സാംസ്കാരികനിലയം തകർത്തതും താനാണെന്ന് അവനെക്കൊണ്ടവർ ഏറ്റുപറയിപ്പിച്ചു. ‘കുറ്റസമ്മതം’ നടത്തുന്ന വീഡിയോ ചിത്രീകരിച്ചു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇനിയുമെന്തെങ്കിലും ചെയ്താൽ മരിച്ചുപോവുമെന്ന ഘട്ടത്തിലാണ് സംഘം പോലീസിനെ വിളിക്കുന്നത്.
നാട്ടിലോ പഠിച്ച സ്ഥാപനങ്ങളിലോ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ചെറുപ്പക്കാരനാണ് ജിഷ്ണു. ഒരക്രമത്തിലും ഇതുവരെ പ്രതിയല്ല. പഠനത്തിൽ മിടുക്കനാണ്. പത്തനംതിട്ട ഡയറ്റിൽനിന്ന് ടി.ടി.സി. (ഡി.എഡ്)യും മലബാർക്രിസ്ത്യൻ കോളേജിൽനിന്ന് ബി.എ. ഇക്കണോമിക്സും പാസായി. അധ്യാപകയോഗ്യതപരീക്ഷയായ കെ.ടെറ്റും കടന്ന ജിഷ്ണു ഏതെങ്കിലും വിദ്യാലയത്തിൽ താത്കാലികജോലിക്കുള്ള ശ്രമത്തിലായിരുന്നു. മുപ്പതോളംവരുന്ന അക്രമികൾ ഒരു കൊടും ക്രിമിനലിനോടെന്നപോലെ ഈ ദളിത് യുവാവിനെ നേരിട്ടതിന്റെ ഞെട്ടൽ പാലോളിയിലെ ജനങ്ങൾക്കിനിയും മാറിയിട്ടില്ല. നാട്ടിൽ വേരുറയ്ക്കുന്ന വിധ്വംസകകൂട്ടായ്മയിൽ നാട്ടുകാരേറെ ആശങ്കയിലാണ്. നിസ്സാര കാര്യങ്ങളെചൊല്ലി പ്രദേശത്ത് നിരന്തരമുണ്ടാകുന്ന രാഷ്ട്രീയസംഘർഷങ്ങളുടെ പിന്നാമ്പുറം പോലീസ് ആഴത്തിൽ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
ഭയം എന്ന ആയുധം
നിയമം കൈയിലെടുത്തുള്ള ആൾക്കൂട്ടവിചാരണയും ആക്രമണവും പാലോളി മേഖലയിൽ ഇതിനു മുൻപുമുണ്ടായിട്ടുണ്ട്. സദാചാരവിരുദ്ധത ആരോപിച്ച് മാസങ്ങൾക്കുമുൻപാണ് ഇതേ അക്രമിസംഘം ഒരുയുവാവിനെ മർദിച്ച് മൃതപ്രായനാക്കിയത്. ഇതേകാരണം പറഞ്ഞ് മറ്റൊരു വീടിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതിക്കാർ ഉണ്ടാവില്ലെന്നതിനാൽ അക്രമികൾ രക്ഷപ്പെട്ടുപോകുകയാണ് പതിവ്. ഒരു ഫോൺ വിളിയിൽ മിനിറ്റുകൾക്കകം ഏതു പാതിരാത്രിയും സംഘടിച്ചെത്താൻമാത്രം ഇവരുടെ കണ്ണി ശക്തമാണ്.
ജിഷ്ണുവിനെ ആദ്യം തടഞ്ഞുവെച്ചത് മൂന്നുപേരായിരുന്നു. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടുകിലോമീറ്റർ പരിധിയിലുള്ള ആളുകൾവരെ സ്ഥലത്തെത്തി. ജിഷ്ണുവിനെ ക്രൂരമായി മർദിക്കുന്നതും വെള്ളത്തിൽ മുക്കുന്നതുമുൾപ്പെടെയുള്ള വീഡിയോദൃശ്യങ്ങൾ സംഘാംഗങ്ങൾതന്നെയാണ് പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. എതിരാളികൾക്കുള്ള താക്കീതും മുന്നറിയിപ്പുമാണിത്. ഒരു പ്രചാരണബോർഡ് കീറിയാൽ, കൊടി നശിപ്പിക്കപ്പെട്ടാൽ മുൻപും രാഷ്ട്രീയസംഘർഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും പാലോളിയിലെ സംഭവത്തിന്റെ ഗൗരവംകൂട്ടുന്നത് ഇത്തരം ചില ഘടകങ്ങളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..