ബാലഭാസ്കർ | Photo: Mathrubhumi Archives
തിരുവനന്തപുരം: മരണസമയത്ത് വയലിനിസ്റ്റ് ബാലഭാസ്കര്‍ ഉപയോഗിച്ചിരുന്ന മൂന്നു ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കിയില്ലെന്ന ആരോപണത്തിനു മറുപടി നല്കാന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സി.ബി.ഐ. അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാടു വ്യക്തമാക്കിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്.രേഖ സി.ബി.ഐ.യുടെ ആവശ്യം തള്ളിയത്. കേസ് വീണ്ടും ഈ മാസം 16-ന് പരിഗണിക്കും.
ബാലഭാസ്കര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്നു ഫോണുകള്‍, മാനേജര്‍ പ്രകാശന് തമ്പി മംഗലപുരം പോലീസിന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇയാളെ ഡി.ആര്.ഐ. ചോദ്യംചെയ്തപ്പോള്‍ ഈ ഫോണുകള്‍ ഡി.ആര്.ഐ. സംഘം പിടിച്ചെടുക്കുകയും സി-ഡാക്കില്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ പരിശോധനാഫലം സി.ബി.ഐ. സംഘം അന്വേഷണത്തിന്റെ ഭാഗമായി ഡി.ആര്.ഐ. സംഘത്തില്‍നിന്നു വാങ്ങിയിരുന്നില്ല.
ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചില്ലെന്ന ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു സി.ബി.ഐ. അന്വേഷണസംഘത്തിന്റെ നടപടികള്‍. ഫോണിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചുവെന്ന് കോടതിയില്‍ പറഞ്ഞ സി.ബി.ഐ. സംഘം ഇക്കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ആവശ്യം. ബാലഭാസ്കറിന്റെ മരണം നടന്ന അന്നു മുതല്‍ മൂന്നു ഫോണുകളും കൈവശം സൂക്ഷിച്ച പ്രകാശന് തമ്പി, ഇതിലെ വിവരങ്ങള്‍ നശിപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനാവിഷയം ആക്കണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ബാലഭാസ്കറിന്റേത് അപകടമരണമാണോ കൊലപാതകമാണോ എന്ന കാര്യം മാത്രമേ സി.ബി.ഐ. അന്വേഷിച്ചിട്ടുള്ളൂവെന്ന് അന്വേഷണോദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ഏതെങ്കിലും ബന്ധമുണ്ടോയെന്ന് ഒരു ഘട്ടത്തിലും അന്വേഷിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഡി.ആര്.ഐ.യാണ് അന്വേഷിക്കേണ്ടതെന്നാണ് സി.ബി.ഐ. വാദം.
കലാഭവന്‍ സോബി ജോര്‍ജ്ജ് സംഭവസ്ഥലത്ത് കണ്ടുവെന്നാരോപിക്കുന്ന റൂബന്‍ തോമസിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍, അയാള്‍ സംഭവസമയം െബംഗളൂരുവിലായിരുന്നുവെന്ന് ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നു എന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. എന്നാല്‍, ഇയാള്‍ക്ക് സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഡി.ആര്.ഐ. റിപ്പോര്‍ട്ട് സി.ബി.ഐ. സംഘം പരിഗണിച്ചിട്ടുമില്ല.
കേസില്‍ അര്ജ്ജുന് നാരായണന്, വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി എന്നിവരുടെ പോളിഗ്രാഫ് മാത്രമേ നടത്തിയിട്ടുള്ളൂവെന്നും സോബി ജോര്‍ജ്ജിന്റെ പോളിഗ്രാഫ് നടത്തിയിട്ടില്ലെന്നും സി.ബി.ഐ.ക്ക് സമ്മതിക്കേണ്ടിവന്നു. സി.ബി.ഐ.യുടെ ആദ്യ റിപ്പോര്‍ട്ടില്‍ സോബി ജോര്‍ജ്ജിന്റെ പോളിഗ്രാഫ് നടത്തിയെന്നും അയാള്‍ കള്ളം പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനാല്‍ അയാള്‍ക്കെതിരേ കേസെടുക്കണമെന്നും സി.ബി.ഐ. സംഘം കോടതിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉടനീളം. ഇതില്‍ വ്യക്തത വേണമെന്നാണ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..