Screengrab: Twitter.com/HateDetectors
മംഗളൂരു: നഗരത്തിലെ പബ്ബില്‍ അതിക്രമിച്ചുകയറിയ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ പബ്ബില്‍നിന്ന് വിദ്യാര്‍ഥികളെ ഇറക്കിവിട്ടു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയില്‍ പ്രവര്‍ത്തിക്കുന്ന 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം.
പബ്ബിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പബ്ബിലെത്തിയ വിദ്യാര്‍ഥികള്‍ അസാന്മാര്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ ചില കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളേജിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്റങ്ദള്‍ ജില്ലാനേതാവ് ശരണ്‍ എന്‍.ഡി.ടി.വി.യോട് പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാറിന്റെ പ്രതികരണം. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ 20-ഓളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും പബ്ബില്‍നിന്ന് പുറത്തുപോവുകയായിരുന്നുവെന്നും പബ്ബ് അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..