Photo Courtesy: NDTV
ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയില്‍ രജനി ചൗധരി(30) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മാതാപിതാക്കള്‍ പോലീസിന് നല്‍കിയിരുന്നു.
അടുത്തിടെയായി മകന് കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഏറെനേരം നിശബ്ദനായി ഇരിക്കുന്നതും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ഡോക്ടറെ കാണിച്ചു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിലടക്കം പരിക്കുണ്ടെന്നായിരുന്നു ഡോക്ടറുടെ കണ്ടെത്തല്‍. ഇതോടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയും വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രജനി ചൗധരി കുഞ്ഞിനെ മര്‍ദിച്ചതായി കണ്ടെത്തിയത്.
ദമ്പതിമാര്‍ ജോലിക്ക് പോയാല്‍ രജനിയാണ് കുഞ്ഞിനെ വീട്ടില്‍ പരിചരിച്ചിരുന്നത്. എന്നാല്‍ മിക്കസമയത്തും ഇവര്‍ കുഞ്ഞിനെ മര്‍ദിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. രണ്ടുവയസ്സുകാരന്റെ മുടിയില്‍ കുത്തിപിടിച്ച് ഉപദ്രവിക്കുന്നതും മുഖത്തടിക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ദമ്പതിമാര്‍ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയത്.
മാതാപിതാക്കള്‍ പകല്‍സമയം ജോലിക്ക് പോകുന്നതിനാലാണ് രജനി ചൗധരിയെ കുഞ്ഞിനെ പരിചരിക്കാനായി വീട്ടില്‍നിര്‍ത്തിയിരുന്നത്. നാലുമാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ജോലിക്കെത്തിയത്. മാസം 5000 രൂപയും ഭക്ഷണവും താമസവുമായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത്. പ്രതിക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..