Representational Image
ബെംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തിയ 34-കാരന് അറസ്റ്റില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി നഗരം ചുറ്റിയശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്താണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.
അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നാല് മാസങ്ങള്‍ക്കു മുമ്പ് അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസം. കഴിഞ്ഞ ദിവസം ലക്ഷ്മികാന്ത് കുട്ടികളെ കാണാനെത്തിയതോടെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് നാല് കുട്ടികളെയും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാവുമെന്ന് ഭയന്നതുകൊണ്ടാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന പ്രതി, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയില്‍ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..