മരിച്ച ആന്റണി(ഇടത്ത്) ആന്റണിയെ രക്ഷിക്കാൻ കായലിൽ ചാടിയ വിഷ്ണു(വലത്ത്)
ചെറായി: ഓട്ടോറിക്ഷ പാലത്തിനു മുകളില്‍ നിര്‍ത്തി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് യുവാവ് കായലില്‍ ചാടി മരിച്ചു. പള്ളിപ്പുറം ഓളാട്ട് പുറത്ത് ആന്റണി (46) യാണ് മരിച്ചത്. ഭാര്യയും മക്കളുമായി പള്ളിയില്പോയി തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോഡ്രൈവറായ ആന്റണി കായലിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പള്ളിപ്പുറം മാല്യങ്കരപ്പാലത്തിലാണ് സംഭവം.
ആന്റണിയുടെ ഭാര്യയുടെയും മക്കളുടെയും കൂട്ടക്കരച്ചിലിനിടയില്‍ അതുവഴി ഭാര്യയും കുട്ടിയുമായി ബൈക്കിലെത്തിയ യുവാവ് കായലിലേക്ക് ചാടി ആന്റണിയെ കരയില്‍ കൊണ്ടുവന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചെറായി ചക്കി വീട്ടില്‍ രമേഷിന്റെ മകന് വിഷ്ണുവാണ് സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചത്. വലതു കൈയ്ക്ക് പൊട്ടലുണ്ടായിരുന്ന അവസ്ഥയിലായിരുന്നിട്ടും ആന്റണിയുടെ ഭാര്യയുടെ വിലാപം കേട്ട് ഇടംവലം നോക്കാതെ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു വിഷ്ണു.
കൂട്ടുകാരന് എറിഞ്ഞുകൊടുത്ത ലൈഫ് ബോയയില്‍ ആന്റണിയെ പിടിപ്പിച്ച് മുട്ടുകാല്വെച്ച് തള്ളി ഒഴുക്കിനെതിരേ കരയിലേക്ക് നീന്തിയ വിഷ്ണു സമീപത്തുണ്ടായിരുന്ന ഒരു ബോട്ടിനടുത്തെത്തിയപ്പോഴാണ് ചിലര്‍ സഹായത്തിനായി എത്തിയത്. ഉടന്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുനമ്പം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ആന്റണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പറവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: നിഷി. മക്കള്‍: ആല്ഫിന്, ആല്‍ഫിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..