നടുറോഡിലുണ്ടായ സംഘർഷത്തിൽനിന്നുള്ള ദൃശ്യം | Screengrab: Mathrubhumi News
കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ വീഡിയോ വിജിത്ത് ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി. എന്നാല്‍ വീഡിയോ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അന്‍സിയ തയ്യല്‍ക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ചമുന്‍പുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം, രണ്ടുതവണ കേസെടുത്തിട്ടും അക്രമം കാണിച്ച യുവതിക്കെതിരേ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാത്തതിലും അമര്‍ഷമുയരുന്നുണ്ട്.
Content Highlights: auto driver attacked by a woman in kadakkal kollam after clash in road
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..