പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയിൽ മുകേഷിന് (35) പത്ത് വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജ് കെ.അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 307, 324, 323, 341 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണം.
മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. കരിവിശ്ശേരിയിലെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി യുവതിയെ തടഞ്ഞു നിർത്തി കുപ്പികൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പികൊണ്ട് കുത്തി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് കോടതിയിൽ കീഴടങ്ങി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂർ പോലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹ്സിന എന്നിവർ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..