അറസ്റ്റിലായ പ്രതികൾ
പെരിന്തല്‍മണ്ണ: കള്ളക്കടത്ത് സ്വര്‍ണം കൊണ്ടുപോകുന്നവരെയും വാഹനങ്ങളെയും ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഘത്തിലെ അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി.
കൊപ്പം മുതുതല കോരക്കോട്ടില്‍ മുഹമ്മദ് റഷാദ് (30), കൂടല്ലൂര്‍ ചോടത്ത്കുഴിയില് അബ്ദുള്‍ അസീസ് (31), മാറഞ്ചേരി കൈപ്പള്ളിയില്‍ മുഹമ്മദ് ബഷീര്‍ (40), വെളിയങ്കോട് കൊളത്തേരി സാദിഖ് (27), ചാവക്കാട് മുതുവറ്റൂര്‍ കുരിക്കലകത്ത് അല്‍ത്താഫ് ബക്കര്‍ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 26-ന് വിദേശത്തുനിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി നാട്ടിലേക്കു വരുന്നതിനിടെ കാസര്‍കോട് സ്വദേശിയുടെ ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ ഒരുകിലോഗ്രാം സ്വര്‍ണമിശ്രിതം കവര്‍ച്ച നടത്താന്‍ ഈ സംഘം രണ്ടു കാറുകളിലെത്തി ശ്രമം നടത്തിയിരുന്നു. പെരിന്തല്‍മണ്ണ കാപ്പുമുഖത്തുവെച്ചായിരുന്നു സംഭവം. നാട്ടുകാര്‍ ഇടപെട്ടതോടെ കവര്‍ച്ചശ്രമം ഒഴിവാക്കി സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് കടത്തിക്കൊണ്ടുവന്ന സ്വര്‍ണമിശ്രിതം പിടികൂടി.
ഇവരെ ചോദ്യംചെയ്തതോടെ കവര്‍ച്ചയ്ക്കെത്തിയ സംഘത്തെയും വാഹനങ്ങളെയും മുഖ്യസൂത്രധാരനായ മുഹമ്മദ് റഷാദിനെയും കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് പ്രത്യേകസംഘം രൂപവത്കരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
കാസര്‍കോട് സ്വദേശി സ്വര്‍ണം കടത്തുന്ന വിവരം റഷാദിനാണ് കിട്ടിയത്. അതു തട്ടിയെടുക്കാന്‍ അബ്ദുള്‍ അസീസ്, ബഷീര്‍ എന്നിവര്‍ വഴി സാദിഖിനെയും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചാവക്കാട് അല്‍ത്താഫിനെയും ഏല്‍പ്പിക്കുകയായിരുന്നു. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി ആവശ്യമെങ്കില്‍ റിമാന്‍ഡിലായവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്ചെയ്തു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തില്‍ എസ്.ഐ. എ.എം. യാസിര്‍, എ.എസ്.ഐ. എം.എസ്. രാജേഷ്, സക്കീര്‍ഹുസൈന്‍, മുഹമ്മദ് ഷജീര്‍, ഉല്ലാസ്, രാകേഷ്, മിഥുന്, ഷഫീഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമുണ്ടായിരുന്നു.
Content Highlights: attempt to loot smuggled gold five arrested in perinthalmanna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..