അറസ്റ്റിലായ വിഷ്ണു, അക്ഷയ് എന്നിവർ
തിരുവല്ല: പ്രണയം തുടരാൻ താത്പര്യം കാട്ടാതിരുന്ന യുവതിയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് വെള്ളിയാഴ്ച വൈകീട്ട് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്.
പരിക്കേറ്റ യുവതി ചികിത്സയിലാണ്. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപമാണ് കൊലപാതകശ്രമം നടന്നത്. വിഷ്ണുവുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു യുവതി. മാസങ്ങള്‍ക്ക് മുന്നേ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ് യുവതിയെ അപായപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് കാറിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമം.
വിഷ്ണുവാണ് കാറോടിച്ചത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്. യുവതിയെ ഇടിച്ചു തെറിപ്പച്ചതിന് ശേഷം ഇരുവരും വാഹനവുമായി കടന്നു.
ആദ്യം യുവതിയെ തടഞ്ഞ് നിര്‍ത്തി സംസാരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി തന്റെ എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് മുന്നോട്ട് പോയ പെണ്‍കുട്ടിയെ പ്രതികള്‍ കാറിടിപ്പിക്കുകയായിരുന്നു. യുവതിയെ കാറിടിപ്പിക്കുമ്പോള് പ്രതികള്‍ മദ്യലഹരിയിലായിരുന്നു. മീന്തലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ഇവർ തുകലശ്ശേരിയിലെ മാതൃ സഹോദരിയുടെ വീട്ടിലാണ് കുറെക്കാലമായി താമസിക്കുന്നത്.
സംഭവംകണ്ട് ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പ്രതികളെ അറസ്റ്റുചെയ്തതായി ഡിവൈ.എസ്.പി. ടി.രാജപ്പൻ അറിയിച്ചു.
Content Highlights: attempt to kill a woman by running car over her two arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..