Photo: Mathrubhumi
മുട്ടം (ഇടുക്കി): കാണാതായ വിദ്യാര്‍ഥിനിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതിയ്ക്ക് സമീപം സംഘര്‍ഷവും നാടകീയരംഗങ്ങളും. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സി.പി.എം. ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേ മുട്ടം പോലീസ് സ്വമേധയാ കേസെടുത്തു. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടി.ആര്‍. സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോടതിമുറ്റത്ത് ബഹളം നടന്നത്. കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവുള്‍പ്പെടെയുള്ള ബന്ധുക്കളും സി.പി.എം. നേതാക്കളും മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും കൈകാര്യംചെയ്യാന്‍ മുതിര്‍ന്നു. തടയാന്‍ പോലീസ് സന്നാഹമെത്തിയതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി.
പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രേമത്തിലായി. നാലാം തീയതി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതി സി.പി.എം. പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്റ്റേഷനില്‍ നല്‍കി.
ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്നും യുവതി മലപ്പുറത്താണെന്ന് മനസ്സിലാക്കിയ പോലീസ് അവിടെനിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചയോടെ വിദ്യാര്‍ഥിനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കോടതിയുടെ അനുമതിയും ലഭിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പിതാവിന്റെയും സുഹൃത്തുക്കളുടെയും രോഷപ്രകടനമുണ്ടായത്.
സി.പി.എം. ജില്ലാ ഓഫീസിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ സഹായിക്കാനാണ് തൊടുപുഴ മേഖലയിലെ സി.പി.എമ്മിന്റെ രണ്ട് ഏരിയാ സെക്രട്ടറിമാരും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കമുള്ളവരുമെത്തിയത്. വിവിധ സ്റ്റേഷനുകളില്‍ നിന്നായി തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ മുട്ടത്തെത്തിയിരുന്നു.
Content Highlights: attempt to attack couple in thodupuzha case registered against cpm workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..