കൊല്ലപ്പെട്ട മധു | ഫയൽചിത്രം
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. വെള്ളിയാഴ്ച പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയിലെ വിസ്താരത്തിനിടെ 18-ാം സാക്ഷി കാളിമൂപ്പനാണ് കൂറുമാറിയത്. ഇതോടെ, കേസില്‍ കൂറുമാറിയവരുടെ എണ്ണം എട്ടായി.
വനംവകുപ്പില്‍ താത്കാലിക വാച്ചറായ ഇയാളെ പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ കൂറുമാറിയ റസാഖ്, അനില്‍കുമാര്‍ തുടങ്ങിയവരെയും വാച്ചര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുപുറമേ നേരത്തേ ഉണ്ണിക്കൃഷ്ണന്, ചന്ദ്രന്, ആനന്ദന്, മെഹറുന്നീസ, ജോളി എന്നിവരും കൂറുമാറിയിരുന്നു.
വണ്ടിക്കടവ് പൊട്ടിക്കലില്‍ ഭക്ഷണംകഴിക്കുന്ന ഷെഡ്ഡില്‍വെച്ച് മധുവിനെ ആള്‍ക്കൂട്ടം ഉപദ്രവിച്ച് കൊണ്ടുവരുന്നതും 15-ാം സാക്ഷി മെഹറുന്നീസ അവശനായ മധുവിന് വെള്ളം കൊടുക്കുന്നതും കണ്ടെന്ന് പോലീസിന് മൊഴികൊടുത്തയാളാണ് കാളിമൂപ്പന്‍. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന് കോടതിയില്‍ മൊഴിമാറ്റി.
സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ചശേഷം പ്രോസിക്യൂട്ടര്‍ നടത്തിയ വിസ്താരത്തില്‍, ജോലിചെയ്യുന്ന സമയത്ത് ആള്‍ക്കൂട്ടം കാട്ടിലേക്കുപോകുന്നതും ഷെഡ്ഡില്‍ ഇരിക്കുമ്പോള്‍ തിരിച്ചുവരുന്നതും കണ്ടുവെന്ന് സാക്ഷി പറഞ്ഞു.
കൂറുമാറിയ 17-ാം സാക്ഷി ജോളിയെ വിസ്തരിച്ചപ്പോള്‍, ഒമ്പതാംപ്രതി നജീബിന്റെ വീടിനടുത്താണ് താന്‍ കടനടത്തുന്നതെന്നും എന്നാല്‍, നജീബിനെ അറിയില്ലെന്നും പറഞ്ഞു. മുക്കാലിയില്‍ ജോളിയുടെകടയുടെ മുന്‍വശത്തുവെച്ച് ആള്‍ക്കൂട്ടം കൂടുന്നതും മധുവുമായി തിരിച്ചുവരുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചുകൊടുത്തു.
കൂറുമാറിയ സാക്ഷികളില്നിന്നുപോലും പ്രോസിക്യൂഷന് അനുകൂലമായ കാര്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന് പറഞ്ഞു. അഗളി റേഞ്ച് ഓഫീസര്‍ക്ക്, കാട്ടില്‍നിന്ന് ആള്‍ക്കൂട്ടം മധുവിനെ ഉപദ്രവിച്ചുകൊണ്ടുവരുന്നത് കണ്ടുവെന്ന് കാളിമൂപ്പന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മാറ്റിപ്പറഞ്ഞതിനാലാണ് താത്കാലിക വാച്ചര്‍ പദവിയില്‍നിന്ന് ഇയാളെ പിരിച്ചുവിട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 19-ാം സാക്ഷി കക്കിമൂപ്പനെ ശനിയാഴ്ച വിസ്തരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..