കൊല്ലപ്പെട്ട മധു | ഫയൽചിത്രം
പാലക്കാട്: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം മധുവെന്ന ആദിവാസിയുവാവിനെ അടിച്ചുകൊന്നിട്ട് നാലുവര്ഷംകഴിഞ്ഞു. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, അന്വേഷണോദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് സാക്ഷികളുടെ കൂറുമാറ്റം തുടരുന്നത്.
122 സാക്ഷികളാണുള്ളത്. ഇതുവരെ 16 പേരെ വിചാരണചെയ്തതില്‍ ഏഴുപേരാണ് ദൃക്സാക്ഷികള്‍. മറ്റ് ഒമ്പതുപേര്‍ ഇന്‍ക്വസ്റ്റ് സാക്ഷികളാണ്. ദൃക്സാക്ഷികളില്‍ ആറുപേരാണ് കൂറുമാറിയത്. ഒരാള്‍ മൊഴി മാറ്റാതിരുന്നത് പ്രോസിക്യൂഷനുനല്കുന്ന ആശ്വാസം ചെറുതല്ല.
2018 ഫെബ്രുവരി 22-നാണ് ചിണ്ടക്കി-പൊട്ടിക്കല്‍ റോഡിലെ സംരക്ഷിതവനമേഖലയില്‍ തേക്കുകൂപ്പ് ഭാഗത്തുനിന്ന് ചിലര്‍ മധുവിനെ പിടികൂടി മര്‍ദിച്ചത്. അടിയേറ്റ് അവശനായ മധുവിനെ കിലോമീറ്ററുകളോളം നടത്തിച്ചു. പിന്നീട് പോലീസിന് കൈമാറി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ പോലീസ് ജീപ്പില്‍ മരിച്ചു. മോഷ്ടാവിനെ പിടിച്ചെന്നുകാണിച്ച് മധുവിനെ പിടിച്ചുകെട്ടിയ ചിത്രം ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായതും ജനശ്രദ്ധയിലെത്തിയതും.
കനത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് 16 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. അന്വേഷണങ്ങള്‍ക്കൊടുവില്‍ 2022 ഏപ്രില്‍ 28-നാണ് വിചാരണ തുടങ്ങിയത്. ആദ്യം ഇന്‍ക്വസ്റ്റ് സാക്ഷികളെയാണ് വിസ്തരിച്ചത്. ജൂലായ് എട്ടുമുതലാണ് പ്രധാന സാക്ഷികളെ വിസ്തരിച്ചുതുടങ്ങിയത്. ഒന്നാംപ്രതി ഹുസൈന് മധുവിനെ ചവിട്ടുന്നത് കണ്ടെന്ന് 13-ാം സാക്ഷി സുരേഷ് പോലീസിനുനല്‍കിയ മൊഴി വിചാരണവേളയിലും ആവര്‍ത്തിച്ചു. പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കൂറുമാറ്റം കേസിനെ ദോഷകരമായി ബാധിക്കുമെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് പറഞ്ഞു. പ്രതിഭാഗം സ്വാധീനിക്കുന്നതുകൊണ്ടാണ് മൊഴിമാറ്റുന്നതെന്ന് അഗളി ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍പറഞ്ഞു. സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും കോടതിമുറിയില്‍ മൊഴിമാറ്റുകയാണ്. മൊഴിപ്പകര്‍പ്പില്‍ ഒപ്പിട്ടുനല്കിയതിനാല് ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..