ആക്രമണംനടന്ന സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധനനടത്തുന്നു ഇൻസെറ്റിൽ പോലീസ് തിരയുന്ന ഷൈജു
എടച്ചേരി(കോഴിക്കോട്): ഉത്സവപ്പറമ്പിന് സമീപം ചൂതാട്ടം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമണം. എടച്ചേരി സ്റ്റേഷനില്‍ ജോലിചെയ്യുന്ന എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ നടുവണ്ണൂര്‍ സ്വദേശി യു.വി. അഖിലേഷി(33)ന് ആക്രമണത്തിനിടെ കുത്തേറ്റു. തുടയ്ക്ക് സാരമായി പരിക്കേറ്റ അഖിലേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ ആളുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവപ്പറമ്പിനു സമീപം ചൂതാട്ടം നടക്കുന്നതായ വിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.30-ഓടെ എടച്ചേരി എ.എസ്.ഐ. സുദര്‍ശനകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയപ്പോഴാണ് സംഭവം. കരിങ്ങാലിമുക്ക് പാലത്തിന് സമീപമുള്ള വയലില്‍വെച്ചായിരുന്നു പണംവെച്ചുള്ള ചീട്ടുകളിയും ചട്ടികളിയും. ആദ്യം പോലീസിനുനേരെ കല്ലേറുണ്ടായി. തുടര്‍ന്ന് ഒരാളെ പോലീസ് പിടികൂടിയപ്പോഴാണ് അഖിലേഷിനെ കത്തിയെടുത്ത് കുത്തിയത്. വയറിന് ഏല്‍ക്കേണ്ടിയിരുന്ന കുത്ത് കാലുയര്‍ത്തി തടുത്തതിനാല്‍ തുടയ്ക്കാണ് ഏറ്റത്. ആഴത്തില്‍ മുറിവുണ്ട്.
സംഭവത്തില്‍ കായപ്പനച്ചി സ്വദേശി ഷൈജുവിന്റെയും കണ്ടാലറിയാവുന്ന നാലാളുടെയും പേരില്‍ പോലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് കേസ്. ഷൈജുവിനായി തിരച്ചില്‍ തുടങ്ങി. മറ്റു കേസുകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൂതാട്ടം നടത്തുന്ന സംഘത്തിന് സുരക്ഷയൊരുക്കുന്ന സംഘമാണ് അക്രമം നടത്തിയതിനുപിന്നിലെന്നാണ് സൂചന. നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സംഭവംനടന്ന സ്ഥലത്ത് ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമെത്തി തെളിവ് ശേഖരിച്ചു.
Content Highlights: attack against police in edacheri kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..