ഇൻസെറ്റിൽ അറസ്റ്റിലായ ഷിജിമോൻ
പറവൂര്‍: തിരക്കുള്ള റോഡില്‍ ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവറെ ബൈക്കിലെത്തിയ യുവാവ് പിന്തുടര്ന്നുവന്ന് ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ചു.
പരിക്കേറ്റ കൊടുങ്ങല്ലൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പെരിഞ്ഞനം പൊറ്റേക്കാട്ട് പി.ഡി. വില്സന് (52) പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ മതിലകം പാമ്പിനേഴത്ത് ഷിജിമോനെ (32) പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണയോടെ പറവൂരിലാണ് സംഭവം. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ചന്തദിവസമായതിനാല്‍ പറവൂര്‍ മാര്‍ക്കറ്റ് ഭാഗത്തെ വണ്‍വേ റോഡില്‍ തിരക്കായിരുന്നു. റോഡിനിരുവശങ്ങളിലും ചന്തയില്‍ എത്തിയ ചരക്കുലോറികള്‍ പാര്‍ക്ക് ചെയ്തിരുന്നു. ബസിന് പിന്നാലെ ബൈക്കിലെത്തിയ ഷിജിമോനെ ആദ്യം കടത്തിവിടാന്‍ കഴിഞ്ഞില്ല. കണ്ണന്‍കുളങ്ങര ഭാഗത്ത് സൈഡ് കൊടുത്തെങ്കിലും എതിരേ വാഹനം വന്നതിനാല്‍ യുവാവിന് മുന്നിലേക്ക് കയറിപ്പോകാനായില്ല. തുടര്‍ന്ന് അസഭ്യം പറയുകയും ബസിനെ പിന്തുടര്ന്ന് പറവൂര്‍ ഡിപ്പോയിലെത്തി വണ്ടിയുടെ മുന്‍വശത്തെ ടയറില്‍ ചവിട്ടി വാതിലിലൂടെ കയറിയശേഷം ഹെല്‍മെറ്റുകൊണ്ട് ഡ്രൈവറെ അടിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന ഡിപ്പോയിലെ മറ്റ് ജീവനക്കാരെയും ഉപദ്രവിച്ചു. ഡ്രൈവര്‍ക്ക് തലയ്ക്കും ചുമലിലും പരിക്കുണ്ട്. സംഭവത്തിന് ശേഷം യുവാവ് ബൈക്കും ഹെല്‍മെറ്റും ഉപേക്ഷിച്ച് കടന്നു.
പോലീസെത്തി ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാള്‍ ബൈക്കില്‍ മുട്ടിയെന്ന പരാതി ഉന്നയിച്ച് സ്റ്റേഷനില്‍ എത്തുകയും ഇയാളുടെ പരാതിയില്‍ കഴമ്പില്ലെന്നുകണ്ട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..