അറസ്റ്റിലായ പ്രതികൾ മുജീബ്, ബിനീഷ് ബഷീർ, മുബാറക്ക് എന്നിവരുമായി അന്വേഷണസംഘം
കുന്നിക്കോട്:എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണവുമായി സ്‌കൂട്ടറില്‍ പോയ കാഷ് ലോഡിങ് ജീവനക്കാരനെ കാറിടിച്ചുവീഴ്ത്തി 13.60 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ കൊട്ടാരക്കര സ്വദേശികളെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
ഇതേ കമ്പനിയുടെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ഫ്രാഞ്ചൈസിയുള്ള കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ബിനീഷ് ഭവനില്‍ ബിനീഷ് ബഷീര്‍ (43), ഇയാളുടെ സുഹൃത്തുക്കളും അയല്‍വാസികളുമായ ശാസ്താംമുകള്‍ ചരുവിളവീട്ടില്‍ മുബാറക്ക് (28), മുബാറക്കിന്റെ സഹോദരന്‍ മുജീബ് (31) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര മേഖലയിലെ എ.ടി.എമ്മിന്റെ കാഷ് ലോഡിങ് ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പിലാല്‍ തെക്കേതില്‍ ഗോകുലിനെ (25) കാറിടിച്ചുവീഴ്ത്തി പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 26-ന് വൈകീട്ട് 6.30-ന് പട്ടാഴി വടക്കേക്കരയിലുള്ള പുത്തൂര്‍മുക്ക്-ആറാട്ടുപുഴ റോഡില്‍ മരുതമണ്‍ഭാഗം വാര്‍ഡിലുള്ള അന്തമണ്‍ ദേവാലയ കുരിശടിക്കു സമീപത്തായിരുന്നു സംഭവം. ഗോകുലിനെ കൊട്ടാരക്കരമുതല്‍ കാറില്‍ രണ്ടുമണിക്കൂറിലേറെ പിന്തുടര്‍ന്നെത്തിയാണ് പ്രതികള്‍ കാറിടിച്ചുവീഴ്ത്തി പണം കവര്‍ന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: കേസിലെ ഒന്നാംപ്രതി ബിനീഷ് എ.ടി.എമ്മില്‍ പണം നിറയ്ക്കുന്നതിന് ഫ്രാഞ്ചൈസിയുള്ളയാളാണ്. ഇതേ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബിനീഷിന്റെ സുഹൃത്ത് കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി സവാദിനും ഫ്രാഞ്ചൈസിയുണ്ട്. അതിലെ ജീവനക്കാരനാണ് ഗോകുല്‍.
സവാദിന്റെ ജീവനക്കാരനായ ഗോകുല്‍ പണം നിറയ്ക്കുന്ന സമയം ബിനീഷിന് കൃത്യമായി അറിയാമായിരുന്നു. ബിനീഷ് നടത്തിയ ഭൂമിയിടപാടിന് പണം തികയാതെവന്നതോടെയാണ് സുഹൃത്തുക്കളുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തി പണം തട്ടിയത്.
കൊട്ടാരക്കര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ കുന്നിക്കോട് പോലീസ് രണ്ടു സംഘമായി തിരിഞ്ഞ് സി.സി.ടി.വി.കള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിയെടുത്ത മുഴുവന്‍ പണവും ബിനീഷിന്റെ കുടുംബവീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവംനടന്ന് ആറുദിവസത്തിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞതായി കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാര്‍ പറഞ്ഞു. കുന്നിക്കോട് എസ്.എച്ച്.ഒ. എം.അന്‍വര്‍, എസ്.ഐ. ഗംഗാപ്രസാദ്, എ.എസ്.ഐ. ഗോപകുമാര്‍, സീനിയര്‍ സി.പി.ഒ. ബാബുരാജ്, ബിനു, അഖില്‍, രാജേഷ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കുന്നിക്കോട് പോലീസിന് പൊന്‍തൂവല്‍; ഗോകുലിന് ആശ്വാസപ്പകല്‍
കുന്നിക്കോട്:പട്ടാഴി വടക്കേക്കര അന്തമണില്‍ എ.ടി.എമ്മില്‍ നിറയ്ക്കാന്‍കൊണ്ടുപോയ 13.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഴുവന്‍ പ്രതികളെയും ആറു ദിവസത്തിനുള്ളില്‍ പിടികൂടാനായത് കുന്നിക്കോട് പോലീസിന് നേട്ടമായി. അതേസമയം അഞ്ചുദിവസം സംശയത്തിന്റെ നിഴലില്‍നിന്ന അന്തമണ്‍ കളപ്പിലാല്‍ തെക്കേതില്‍ ഗോകുലിന് (25) ശനിയാഴ്ച ആശ്വാസപ്പകലായിരുന്നു.
കൊട്ടരക്കര മുസ്ലിം സ്ട്രീറ്റ് ബിനീഷ്ഭവനില്‍ ബിനീഷ് ബഷീര്‍ (43) ഇയാളുടെ സുഹൃത്തുക്കളായ കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകള്‍ ചരുവിളവീട്ടില്‍ മുബാറക്ക് (28) മുബാറക്കിന്റെ സഹോദരന്‍ മുജീബ് (31) എന്നിവരാണ് പണം തട്ടിയെടുത്ത കേസില്‍ പിടിയിലായത്.
കഴിഞ്ഞ 26-ന് വൈകീട്ട് 6.30-നാണ് പണവുമായിപ്പോയ ഗോകുലിന്റെ സ്‌കൂട്ടറില്‍ കാറിടിച്ചുവീഴ്ത്തി മൂന്നംഗസംഘം പണം തട്ടിയെടുത്തത്. സംഭവംനടന്ന രാത്രിതന്നെ ഗോകുല്‍ പരാതി നല്‍കിയെങ്കിലും ഭയംകാരണം പോലീസിന് നല്‍കിയ മൊഴികളിലെല്ലാം വൈരുധ്യമുണ്ടായി. ഇത് ഗോകുലിലേക്ക് സംശയത്തിന്റെ മുനനീളാന്‍ കാരണമായി. വളരെനാളായി എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന സിഗ്മ ഫ്രാഞ്ചൈസീസില്‍ കാഷ് ലോഡിങ് സ്റ്റാഫാണ്. ഉടമ സവാദിന്റെ വിശ്വസ്ത ജീവനക്കാരനും സത്യസന്ധനുമായിരുന്നു. എന്നാല്‍ ഗോകുലിന്റെ വീടിന്റെ അരക്കിലോമീറ്റര്‍ അകലെനടന്ന നാടകീയ സംഭവത്തില്‍ ഗോകുലിന് പങ്കുണ്ടാകാമെന്ന സംശയം നിലനിര്‍ത്തിയായിരുന്നു അന്വേഷണം.
ഇതുകാരണം ദിവസങ്ങളായി നന്നായി ഉറങ്ങാന്‍പോലും കഴിഞ്ഞിരുന്നില്ലെന്ന് ഗോകുല്‍ പറയുന്നു. സ്‌കൂട്ടര്‍ ഇടിച്ചിട്ടപ്പോഴുള്ള വീഴ്ചയില്‍ ശരീരം ഉരഞ്ഞ് മുറിവുണ്ടായിട്ടും ആശുപത്രിയില്‍ പോകാന്‍പോലും കൂട്ടാക്കിയില്ല. 2022-ജൂലായ്മുതല്‍ പണംനിറയ്ക്കുന്ന ജോലി ചെയ്യുന്നുണ്ട്. സത്യസന്ധതയോടെയാണ് ഇതുവരെയും ജോലിചെയ്തതെന്ന് ഗോകുല്‍ പറയുന്നു.
ഗോകുല്‍ ദിവസങ്ങളായി അനുഭവിച്ച മാനസികസമ്മര്‍ദം മനസ്സിലാക്കി അന്വേഷണ ഉദ്യോഗസ്ഥനായ കുന്നിക്കോട് എസ്.എച്ച്.ഒ. എം.അന്‍വര്‍ ഗോകുലിനെ ആശ്വസിപ്പിച്ചാണ് വീട്ടിലേക്ക് മടക്കിവിട്ടത്. ഗോകുലിന്റെ തൊഴിലുടമ സവാദിന്റെ സുഹൃത്തും അതേകമ്പനിയില്‍ ഫ്രാഞ്ചൈസിയുമുള്ള ബിനീഷായിരുന്നു തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍.
ഗോകുലിനെ കാറിടിച്ചുവീഴ്ത്തി വിരട്ടിയശേഷം ബാഗിലുണ്ടായിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. നൂറോളം സി.സി.ടി.വി. ഫൂട്ടേജുകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് അതിവേഗം പോലീസ് കുതിച്ചത്. പണം തട്ടിയെടുത്തതിനുശേഷം സമീപത്ത് ഉപേക്ഷിച്ച പണം സൂക്ഷിച്ച ബാഗും പോലീസ് കണ്ടെത്തിയിരുന്നു.
തട്ടിപ്പിനുശേഷം ആറാട്ടുപുഴ, പട്ടാഴി, രണ്ടാലുംമൂട്, കിഴക്കേത്തെരുവ്, കുരാ ഗോവിന്ദമംഗലം, എം.സി. റോഡുവഴി മൈലത്തെത്തിയാണ് പ്രതികള്‍ കൊട്ടാരക്കര ഭാഗത്തേക്ക് പോയത്. അവിടെനിന്ന് അവസാനമായി ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്. തിരക്കുള്ള ഇടറോഡുവഴി വാഹനം പോയത് കണ്ടെത്തിയതോടെ പ്രൊഫഷണല്‍ സംഘങ്ങളല്ലെന്ന് മനസ്സിലാക്കി. വ്യാജനമ്പര്‍ പതിച്ചിരുന്ന കാറിന് സമാനമായ എല്ലാകാറുകളുടെയും നമ്പര്‍ പരിശോധിച്ചാണ് കാറുടമ മുബാറക്കിലേക്കെത്തിയത്. മുബാറക്കും കൃത്യത്തില്‍ പങ്കാളിയായിരുന്നു.
Content Highlights: atm cash robbery case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..