ആസാദ് അഹമ്മദ്, അതിഖ് അഹമ്മദ് | Photo: Twitter/Muzzammil Khan, ANI
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ ജയിലിലായ രാഷ്ട്രീയക്കാരനും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിന്റെ മകന്‍ അസാദ് അഹമ്മദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസംഘത്തിന്റെ വെടിയേറ്റാണ് അസാദ് അഹമ്മദ് കൊല്ലപ്പെട്ടത്. അതിഖ് അഹമ്മദിന്റെ അടുത്ത കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം.
കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാല്‍ കൊലക്കേസില്‍ പോലീസ് തിരയുന്നവരാണ്. ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ അസാദിനെ കൊടുകുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ഗുലാം അഹമ്മദിന്റെ വീട് പൊളിക്കാന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിന് മുന്നില്‍ ബുള്‍ഡോസറുകള്‍ വിന്യസിച്ചിരുന്നു. ഉമേഷ് പാലിന്റെ മരണത്തിന് പിന്നാലെ ഗുലാം ഒളിവിലായിരുന്നു. അസാദിനേയും ഗുലാമിനേയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഇരുവരേയും വധിച്ച ഉത്തര്‍പ്രദേശ് എസ്.ടി.എഫിനെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിനന്ദിച്ചു.
ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു കൊല്ലപ്പെട്ട ഉമേഷ് പാല്‍ സിങ്. 2005-ല്‍ രാജുപാല്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. 2006-ല്‍ ഉമേഷിനെ തട്ടിക്കൊണ്ടുപോയി. ഈ കേസില്‍ 2007-ല്‍ അതിഖ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 24-ന് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചു.
Content Highlights: Atiq Ahmed's Son Asad and Ghulam Killed in Encounter in Jhansi Both Were Accused in Umesh Pal Murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..