ആസാറാം ബാപ്പു | ഫയൽചിത്രം | PTI
അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ആസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറുപേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നുവെങ്കിലും ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു.
2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗുജറാത്തിലെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയത്. ശിക്ഷ വിധിക്കുന്ന ദിവസവും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു. പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നുമായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ആര്‍.സി. കൊഡേക്കറിന്റെ വാദം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2018-ലാണ് രാജസ്ഥാനിലെ കോടതി ആസാറാം ബാപ്പുവിനെ ശിക്ഷിച്ചത്.
Content Highlights: asaram bapu gets life imprisonment in rape case in gujarat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..