സമീർ വാംഖഡെ. File Photo/PTI
ന്യൂഡൽഹി: സമീര്‍ വാംഖഡെ, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണ് മുൻ എൻ.സി.ബി. ഉദ്യോഗസ്ഥൻ വാർത്തകളിൽ വീരപരിവേഷം ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ അയാൾക്കെതിരേ വരുന്നത് ഗുരുതരമായ കണ്ടെത്തലുകളാണ്. സി.ബി.ഐ. പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ആര്യൻഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനിൽ നിന്ന് ആവശ്യപ്പെട്ടത് 25 കോടിയെന്നാണ് വിവരം. കൂടാതെ ഇയാൾ അനധികൃതമായി വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയതായുംനിരവധി വിദേശ യാത്രകളടക്കം നടത്തിയതായും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
2017 മുതൽ 2021 വരേയുള്ള കാലഘട്ടത്തിൽ വാംഖഡെയും കുടുംബവും ആറ് വിദേശ യാത്രകളാണ് നടത്തിയത്. ബ്രിട്ടൺ, അയർലാൻഡ്, പോർച്ചുഗൽ, സൗത്ത് ആഫ്രിക്ക, മാലിദ്വീപ് തുടങ്ങിയടങ്ങളിൽ അദ്ദേഹം യാത്ര ചെയ്തെന്നാണ് സി.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ യാത്രകൾക്കായി യാത്രാ ചെലവുകൾ ഉൾപ്പെടെ 8.75 ലക്ഷം മാത്രമാണ് ചെലവഴിച്ചതെന്നാണ് വാംഖഡെ വ്യക്തമാക്കുന്നത്. എന്നാൽ ഇത് എങ്ങനെ സമ്പാദിച്ചു എന്നതിൽ യാതൊരു വ്യക്തതയുമില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
യാത്രകളെ കൂടാതെ ആഢംബര വാച്ചുകളും മറ്റു സ്വത്തുക്കളും വാംഖഡെ അനധികൃതമായി സ്വന്തമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 22 ലക്ഷക്കോളം രൂപ വിലയുള്ള റോളക്സ് വാച്ച് 17 ലക്ഷത്തിന് വാങ്ങിയതായാണ് റിപ്പോർട്ടുകളിൽ കാണിച്ചിരിക്കുന്നത്. മുംബൈയിൽ നാല് ഫ്ലാറ്റുകളും വാഷിമിൽ 41,688 ഏക്കർ ഭൂമിയും അദ്ദേഹം സ്വന്തമാക്കിയിരുന്നതായി റിപ്പോര്‍ട്ട് ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. കൂടാതെ അഞ്ചാമതായി ഒരു ഫ്ലാറ്റിന് 82.8 ലക്ഷം രൂപ ചെലവഴിച്ചതായും ആരോപണമുണ്ട്. 2.45 കോടി വിലയുള്ള ഫ്ലാറ്റാണ് ഇതെന്നാണ് ആരോപണമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. വാംഖഡെയുടെ വിവാഹത്തിന് മുമ്പ് 1.25 കോടിയുടെ ഫ്ലാറ്റ് ഇയാൾ വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങളിൽ വിശദീകരണമില്ല.
അറസ്റ്റിന് പിന്നാലെ, 25 കോടിരൂപ നൽകിയില്ലെങ്കിൽ ആര്യൻ ഖാനെ കേസിൽപ്പെടുത്തുമെന്നായിരുന്നു സമീർ വാംഖഡെ ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിന്നീട് 18 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതായും സി.ബി.ഐ. എഫ്.ഐ.ആറിൽ പറയുന്നു. സമീർ വാംഖഡെക്കും മറ്റ് നാലുപേർക്കുമെതിരേയാണ് സി.ബി.ഐ. റിപ്പോർട്ടിൽ പരാമർശമുള്ളത്.
ആര്യൻ ഖാൻ കേസിലെ സാക്ഷിയായ കെ.പി. ഗോസാവിക്കൊപ്പമാണ് സമീർ വാംഖഡെ ഗൂഢാലോചന നടത്തിയത്. ഗോസാവിയാണ് ഷാരൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും 50 ലക്ഷം ആദ്യഗഡുവായി വാങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. എൻ.സി.ബി. മുൻ എസ്.പി. വിശ്വവിജയ് സിങ്, എൻ.സി.ബി.യുടെ ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ പ്രസാദ്, കെ.പി. ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ പ്രഥമവിവര റിപ്പോർട്ട് വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
Content Highlights: Aryan Khan Drugs Case Sameer Wankhede Made Multiple Foreign Trips Owns Vast Property In Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..