സഞ്ജയ് പോപ്ലിയുടെ കുടുംബം വീടിന് മുന്നിൽ. ഫോട്ടോ: പി.ടി.ഐ.
ന്യൂഡല്‍ഹി: അഴിമതി കേസില്‍ അറസ്റ്റിലായ ഐ.എ.എസ്. ഉദ്യോഗസ്ഥന് സഞ്ജയ് പോപ്ലിയുടെ മകന് കാര്‍ത്തിക് പോപ്ലി വീട്ടില്‍ വെടിയേറ്റ് മരിച്ചു. സഞ്ജയ് പോപ്ലിയുടെ ചണ്ഡീഗഢിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നതിനിടെയാണ് 27-കാരനായ കാര്‍ത്തിക് വെടിയേറ്റ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, മകനെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്നും തന്റെ മുന്നിലിട്ടാണ് കൊലപാതകം നടത്തിയതെന്നും താന്‍ ദൃക്സാക്ഷിയാണെന്നും സഞ്ജയ് പോപ്ലി പ്രതികരിച്ചു.
പഞ്ചാബിലെ നവാന്‍ഷഹറില്‍ മലിനജല പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ജൂണ്‍ 20-ന് സഞ്ജയ് പോപ്ലിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡിനെത്തിയിരുന്നു. ഇതിനിടെയാണ് മകന് കാര്‍ത്തിക് വെടിയേറ്റ് മരിച്ചത്.
സഞ്ജയ് പോപ്ലിയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് മകന് ജീവനൊടുക്കിയതെന്നാണ് ചണ്ഡീഗഢ് സീനിയര്‍ പോലീസ് സൂപ്രണ്ട് കുല്‍ദീപ് ചഹലിന്റെ പ്രതികരണം. വിജിലന്‍സിന്റെ റെയ്ഡ് നടക്കുന്നതിനിടെ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് പോപ്ലിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ പിടിച്ചെടുത്തതായി വിജിലന്‍സും അറിയിച്ചു. ഒട്ടേറെ സ്വര്‍ണ, വെള്ളി നാണയങ്ങള്‍, പണം, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
അതേസമയം, വിജിലന്‍സിനെതിരേ സഞ്ജയ് പോപ്ലിയുടെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ തെറ്റായ മൊഴി നല്കാന് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും തന്റെ വീട്ടിലെ ജോലിക്കാരനെ ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. 'എന്റെ 27 വയസ്സുള്ള മകനെ എനിക്ക് നഷ്ടമായി, അവന് മികച്ച ഒരു അഭിഭാഷകനായിരുന്നു. കള്ളക്കേസിനായി അവര്‍ എന്റെ മകനെയും കവര്‍ന്നെടുത്തു'- സഞ്ജയ് പോപ്ലിയുടെ ഭാര്യ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..