കെ.പി. സിറാജുദ്ദീൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഇറച്ചി അരിയല്‍ യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനായ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായിയിലായിരുന്ന സിറാജുദ്ദീന് മൂന്നാം സമന്‍സിലാണ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് കടത്താനുള്ള സ്വര്‍ണം ദുബായിയില്‍ സ്വന്തമായുള്ള ലെയ്ത്ത് വര്‍ക്ഷോപ്പില്‍ വിവിധ യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിക്കുന്നതില്‍ വിദഗ്ധനാണ് സിറാജുദ്ദീന്. നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീന് ഈ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.
കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകന് എ.ഇ. ഷാബിന് ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ ഏപ്രില്‍ അവസാനം കാര്‍ഗോ ആയി വന്ന ഇറച്ചി അരിയല്‍ യന്ത്രത്തില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് കാറില്‍ യന്ത്രം കടത്തുകയായിരുന്നു. പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഈ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പരിശോധിച്ചത്.
സിനിമാ നിര്‍മാതാവായ കെ.പി. സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. സിറാജുദ്ദീന്റെ ഡ്രൈവറാണ് നകുല്‍. യന്ത്രം കൊണ്ടുപോകാന്‍ ഷാബിനും എത്തിയിരുന്നു. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടുകയായിരുന്നു.
ദുബായിയില്‍നിന്ന് സ്വര്‍ണം കടത്തുന്നതിന് 65 ലക്ഷം രൂപയാണ് ഷാബിന് നിക്ഷേപിച്ചിരുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ 35 ലക്ഷം രൂപയും നിക്ഷേപിച്ചു. ഈ ഒരു കോടി രൂപ ഹവാലയായി ദുബായിയിലുള്ള സിറാജുദ്ദീന് എത്തിച്ചായിരുന്നു സ്വര്‍ണക്കടത്ത്. ഷാബിന് കസ്റ്റംസിന് നല്കിയ മൊഴിയിലാണ് സിറാജുദ്ദീന്റെ പങ്കാളിത്തം വ്യക്തമായത്. സിറാജുദ്ദീന്റെ പ്രേരണയിലാണ് ഷാബിന് സ്വര്‍ണക്കടത്തിന് തയ്യാറായത്.
കൊച്ചി സര്‍വകലാശാലയ്ക്കു സമീപം ഇല്ലിക്കല്‍ വീട്ടില്‍ സിറാജുദ്ദീന് എന്ന കെ.പി. സിറാജുദ്ദീന് നിര്‍മാതാവായും അഭിനേതാവായും സിനിമാ രംഗത്തുള്ള വ്യക്തിയാണ്. കൊച്ചിയിലെ ഒരു ഹോട്ടലില്‍നിന്നാണ് ഇയാളുടെ തുടക്കം. സിറാജുദ്ദീന് നിരവധി തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
മൂന്നാം വട്ടം സമന്‍സിനു ശേഷം ലുക്കൗട്ട് നോട്ടീസ് ഇറക്കാനായിരുന്നു കസ്റ്റംസ് നീക്കം. കള്ളക്കടത്തിലൂടെ കിട്ടുന്ന പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. സിനിമാ നിര്‍മാണം കള്ളപ്പണം വെളുപ്പിക്കലിന് മറയാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..