സന്തോഷ്കുമാർ, സിറിൽ
അമ്പലപ്പുഴ: സൈന്യത്തില്‍ ജോലി വാഗ്ദാനംചെയ്തു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. കളമശ്ശേരി പോണേക്കര ഗായത്രിനിവാസില്‍ സന്തോഷ്കുമാര്‍ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പുവീട്ടില്‍ സിറില്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ജോലി വാഗ്ദാനംചെയ്ത് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള 10 പേരില്‍നിന്നു രണ്ടുവര്ഷംമുന്പ് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവര്‍ വിവിധയിടങ്ങളിലായി കോടികളുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടില്‍വെച്ചാണ് സിറില്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങുകയും ജോലി നല്കുന്നതിനു പണമാവശ്യപ്പെടുകയും ചെയ്തത്.
അപ്പോള്‍ മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും അവിടെയുണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നതോദ്യോഗസ്ഥനാണെന്നും റിക്രൂട്ട്മെന്റ് കാര്യങ്ങള്‍ നോക്കുന്നത് ഇദ്ദേഹമാണെന്നും പറഞ്ഞാണ് സന്തോഷിനെ സിറില്‍ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് സിറില്‍ നല്കിയ അക്കൗണ്ടിലേക്ക് യുവാക്കള്‍ പണം നിക്ഷേപിക്കുകയായിരുന്നു. പ്രതികള്‍ സ്വയം തയ്യാറാക്കിയ കത്തുനല്കിശേഷം പണം നല്‍കിയവരെ അഭിമുഖത്തിനെന്നുപറഞ്ഞ് 2019, 2020 വര്‍ഷങ്ങളില്‍ ബെംഗളൂരുവില്‍ കൊണ്ടുപോയി താമസിപ്പിച്ചു.
താമസസ്ഥലത്തെ പണം നല്കാത്തതിനാല് യുവാക്കള്‍ അവിടെ കുടുങ്ങി. കുറച്ചുപേരെ റിക്രൂട്ട്മെന്റ് കാര്യത്തിനെന്നുപറഞ്ഞ് യു.പി.യിലും കൊണ്ടുപോയി താമസിപ്പിച്ചു. ഇവര്‍ തിരികെ നാട്ടിലെത്തിയശേഷം രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പരാതിയുമായി അമ്പലപ്പുഴ സ്റ്റേഷനിലെത്തിയത്.
മറ്റുജില്ലകളിലും കേസെടുക്കും
അറസ്റ്റിലായ പ്രതികള്‍ക്കെതിരേ കരുനാഗപ്പള്ളി, ചവറ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങിലെത്തിച്ചു വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും അന്വേഷിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..