Photo: facebook.com/dyfikannurdistrictcommittee & facebook.com/rjun.aayanki
കണ്ണൂര്‍: ഡി.വൈ.എഫ്.ഐക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി . വീണ്ടും വീണ്ടും തന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താനും നിര്‍ബന്ധിതനാകുമെന്നാണ് അര്‍ജുന്‍ ആയങ്കി പുതിയ പോസ്റ്റില്‍ പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനം താത്കാലികമായി ഉപേക്ഷിക്കുന്നതായും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ. നേതാവായ മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെതിരേ ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ. അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി മെയ് ഒന്നിന് പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പിന്നാലെ സംഭവത്തില്‍ ദീര്‍ഘമായ വിശദീകരണവുമായി മറ്റൊരു കുറിപ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:-
ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.
നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.
അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക, അതാര്‍ക്കും ഗുണം ചെയ്യുകയില്ല.
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്..പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു.
.jpg?$p=7e4c243&&q=0.8)
Content Highlights: arjun ayanki facebook post against dyfi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..