അനൂപ്
കൊച്ചി: ചായകുടിച്ച് പണം നൽകിയപ്പോൾ 50 പൈസ കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് റെസ്റ്റോറന്റ് ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. പറവൂർ ചേന്ദമംഗലം ജങ്‌ഷനിലെ മിയാമി റെസ്റ്റോറന്റ് ഉടമ സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ വെടിമറ കാഞ്ഞിരപ്പറമ്പിൽ കെ.എ. അനൂപിനാണ് കോടതി ജീവപര്യന്തം തടവും 51,000 രൂപ പിഴയും വിധിച്ചത്. 2006 ജനുവരി 17-നായിരുന്നു കൊലപാതകം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ഏഴുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. കളമശ്ശേരി ബസ് കത്തിക്കൽ കേസിലും അനൂപ് പ്രതിയാണ്.
സന്തോഷിന്റെ മരണത്തിനു കാരണമായ മുറിവേൽപ്പിച്ചത് അനൂപാണെന്ന് കോടതി കണ്ടെത്തി. ഇതിനുപുറമേ കടയിൽ അതിക്രമിച്ചുകയറി കുറ്റകൃത്യം ചെയ്തതിന് ഏഴു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. കടയിലെ ജീവനക്കാരനായ ശിവദാസനെ മർദിച്ച കുറ്റത്തിന് ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
പറവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ. സലിമാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി -6 ജഡ്ജി സി. പ്രദീപ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ടി. ജസ്റ്റിൻ ഹാജരായി. രണ്ടാം പ്രതി സബീർ, സന്തോഷിന്റെ റെസ്റ്റോറന്റിൽ ചായ കുടിക്കാനെത്തി. ചായയ്ക്ക് രണ്ടു രൂപ നൽകി. ചായയ്ക്ക് രണ്ടര രൂപയാണെന്നും അമ്പതു പൈസ കൂടി വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
പിന്നീട് വഴക്കുണ്ടായതിെന തുടർന്ന് നൂറു രൂപയുടെ നോട്ട് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സബീർ പോയി. പിന്നീട് സുഹൃത്തുക്കളായ അനൂപ്, ഷിനോജ്, സുരേഷ് എന്നിവരെ സബീർ കൂട്ടിക്കൊണ്ടുവന്ന് വഴക്കുണ്ടാക്കിയെന്നാണ് കേസ്. ഇതിനിടെ സന്തോഷിന് കുത്തേൽക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടും മൂന്നും പ്രതികളായ സബീർ, ഷിനോജ് എന്നിവരെ വിചാരണക്കോടതി നേരത്തേ ഏഴു വർഷം തടവിനു ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ വെറുതേ വിട്ടു.
ഒളിവിലായിരുന്ന ഒന്നാം പ്രതി അനൂപിനെ ഒഴിവാക്കിയാണ് വിചാരണ നടത്തിയത്.
എന്നാൽ, പിന്നീട് കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ എൻ.ഐ.എ. അനൂപിനെ അറസ്റ്റ് ചെയ്തു. അനൂപിനെ പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഹാജരാക്കിയാണ് വിചാരണ തുടങ്ങിയത്. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
Content Highlights: Argument over 50 paise, murder: Accused gets life imprisonment and fine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..