പ്രതീകാത്മക ചിത്രം | Getty Images
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മറ്റൊരു യുവമോഡലിനെ കൂടെ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സരസ്വതി ദാസി(18)നെയാണ് കസ്ബ ബെദിയദംഗയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലിന്റെ മരണമാണിത്.
ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ച സരസ്വതി ദാസിന് കൂടുതല്‍ ഓഫറുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മരണമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും പോലീസ് വ്യക്തമാക്കി. സ്വന്തം മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ അന്വേഷിച്ച് ചെന്ന മുത്തശ്ശിയാണ് സരസ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടത്. കത്തി ഉപയോഗിച്ച് ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മരിച്ച മഞ്ജുഷ നിയോഗി, ബിദ്ഷാ ഡേ മഞ്ജുംദാര്‍, പല്ലബി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതി ദാസിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..