പ്രതി ജോയ് ആന്റണി, കൊല്ലപ്പെട്ട സുനിത
തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിനതടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്. കൊലക്കുറ്റത്തിനു ജീവപര്യന്തം കഠിനതടവും 50,000 രൂപയുമാണ് പിഴ. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവും 10,000 രൂപയുമാണ് പിഴ. ശിക്ഷാ കാലാവധി ഒന്നിച്ച്് അനുഭവിച്ചാല്‍മതി.
സുപ്രീംകോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഫലത്തില്‍ അംഗീകരിച്ചില്ല. ഇരകള്‍ക്കായുള്ള സര്‍ക്കാര്‍ നിധിയില്‍നിന്നു കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിച്ചു.
2013 ഓഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മണ്‍വെട്ടിക്കൈകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ചുട്ടെരിച്ച് മൂന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ചത്.
ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.
പ്രതി ക്രൂരതയില്‍ ആനന്ദം കണ്ടെത്തിയിരുന്നെന്ന് മുന്‍ ഭാര്യ
ജോയ് ആന്റണി മനോവൈകൃതത്തിന് ഉടമയെന്ന് ഇയാളുടെ രണ്ടാം ഭാര്യ. നാലു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ക്ക് നാലു വിവാഹത്തിലുമായി അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതില്‍ രണ്ടാം ഭാര്യയായ മിനിയാണ് പ്രതിയുടെ മനോവൈകൃതത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ കോടതിയില്‍ പറഞ്ഞത്.
പ്രതി തന്റെ മൂക്കില്‍ ശക്തിയായി ഇടിക്കാറുണ്ടെന്നും മൂക്കില്‍നിന്ന് ചോര വരുമ്പോള്‍ ഉന്മാദിയെപ്പോലെ പെരുമാറുമെന്നും മിനി പറഞ്ഞിരുന്നു. മറ്റുള്ളവരെ വേദനിപ്പിച്ച്് അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു പ്രതിയുടെ മുഖ്യവിനോദം. തലമുടി ചുറ്റിപ്പിടിച്ച് തന്നെ കറക്കി തെങ്ങില്‍ കൊണ്ടുപോയി ഇടിക്കുമായിരുന്നെന്നും തിളച്ച എണ്ണയില്‍ കൈപിടിച്ച് മുക്കിയിട്ടുണ്ടെന്നും മിനി കോടതിയില്‍ പറഞ്ഞു. പൊള്ളിയ കൈ വിചാരണവേളയില്‍ കോടതിയെ കാണിച്ചുകൊടുത്തിരുന്നു. കൊല്ലപ്പെട്ട സുനിത ഇയാളുടെ മൂന്നാം ഭാര്യയാണ്. കോടതിവിധി പറയുന്നത് കേള്‍ക്കാന്‍ ഇപ്പോള്‍ പ്രതിയോടൊപ്പം താമസിക്കുന്ന നാലാം ഭാര്യ കോടതിയില്‍ എത്തിയിരുന്നു. വിധി കേട്ട് ഇരുവരും കോടതി മുറിക്ക് പുറത്തിരുന്ന് കരയുന്നുണ്ടായിരുന്നു.
കുട്ടികള്‍ സുരക്ഷിതര്‍
കൊല്ലപ്പെട്ട സുനിതയുടെ കുട്ടികള്‍ നിലവില്‍ സുരക്ഷിതമായ കരങ്ങളിലാണ് ഇപ്പോള്‍. അമ്മ കൊല്ലപ്പെടുകയും അച്ഛന് ജയിലിലാകുകയും ചെയ്ത സാഹചര്യത്തില്‍ അനാഥരായ കുട്ടികള്‍ ഒരു അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു. ഇവരെ പിന്നീട് ആലപ്പുഴയിലുള്ള ഒരു കുടുംബം നിയമപരമായി ദത്തെടുത്തതോടെ കുട്ടികള്‍ സുരക്ഷിതരായി മാറി.
സംഭവം നടക്കുമ്പോള്‍ ഏഴും അഞ്ചും വയസ്സുണ്ടായിരുന്ന പെണ്‍കുട്ടികള്‍ രണ്ടുപേരും അച്ഛനെതിരേ സാക്ഷിപറയാന്‍ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ എത്തിയ കുട്ടികള്‍ പ്രതിയെ കാണാന്‍ കൂട്ടാക്കുകയോ പ്രതിയുടെ സാന്നിധ്യത്തില്‍ മൊഴിനല്‍കാനോ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതിമുറിക്കു പുറത്തുനിര്‍ത്തിയാണ് കുട്ടികളുടെ മൊഴിയെടുത്തത്.
കുട്ടികള്‍ കോടതിയില്‍ മൊഴിപറയാന്‍ എത്തിയതും കൊല്ലപ്പെട്ടത് സുനിതയാണെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റിന് രക്തസാമ്പിള്‍ നല്കാന് കോടതിയിലെത്തിയതും രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു.
Content Highlights: anadu sunitha murder case accused joy gets life imprisonment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..