യുവതി പുറത്തുവിട്ട വീഡിയോയിൽ ഉദ്യോഗസ്ഥ ഷാൾ തിരികെ നൽകുന്ന ദൃശ്യം.
കോഴിക്കോട്: ട്രെയിന്‍ മാറിക്കയറിയ യാത്രക്കാരിയുടെ ചുരിദാറിന്റെ ഷാള്‍ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ ഊരിക്കൊണ്ടുപോയതായി പരാതി. ബാലുശ്ശേരി സ്വദേശിനിയായ നൗഷത്താണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ട ദുരനുഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കിയത്. ഷാള്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴ അടച്ചശേഷം ഉദ്യോഗസ്ഥ ഷാള്‍ തിരികെ നല്‍കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:-
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത താന്‍ ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായാണ് ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്നത്, ട്രെയിന്‍ മാറിയപ്പോള്‍ പരിഭ്രാന്തിയിലായി. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ കോഴിക്കോട്ട് ഇറങ്ങിയപ്പോള്‍ ടിക്കറ്റ് പരിശോധിക്കുന്ന ആളെത്തി. ടിക്കറ്റ് നല്‍കിയപ്പോള്‍ നിയമവിധേയമായല്ല യാത്ര ചെയ്തത് എന്നുപറഞ്ഞ് ഒച്ചവെച്ചു. പിഴ അടയ്ക്കാം എന്നുപറഞ്ഞെങ്കിലും സമ്മതിച്ചില്ല. ചുരിദാറില്‍ പിന്നുകൊണ്ട് കുത്തിവെച്ച ഷാള്‍ വലിച്ചുപറച്ച് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ കടന്നുപോയി.
ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിതയായ താന്‍ കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. ബാഗ് നെഞ്ചത്ത് വെച്ച് ഉദ്യോഗസ്ഥയുടെ പിന്നാലെ ഓടി ഷാള്‍ തിരികെ തരാന്‍ കരഞ്ഞുപറഞ്ഞെങ്കിലും തിരിച്ച് തന്നില്ല. ഇതിനിടെ, കണ്ടുനിന്ന ആളുകള്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തി. തലയും ശരീരഭാഗങ്ങളും മറച്ചുമാത്രം പുറത്തിറങ്ങുന്ന താന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കാനാകാതെ അത്രയുംസമയം കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചു.
സ്റ്റേഷനിലുണ്ടായിരുന്ന പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ ഇടപെടാനാവില്ലെന്നായിരുന്നു മറുപടി. നാണക്കേട് കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ ഒരുഭാഗത്ത് മറഞ്ഞുനിന്ന തനിക്ക് ഒരു ഓട്ടോ ഡ്രൈവറാണ് ശരീരഭാഗങ്ങള്‍ മറയ്ക്കാന്‍ മറ്റൊരു തുണി നല്‍കിയത്. ഇതിനിടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സഹായത്തിനെത്തി. അതിനുശേഷമാണ് പിഴ അടച്ചാല്‍ ഷാള്‍ നല്‍കാമെന്ന് പറഞ്ഞത്. പരാതി നല്‍കരുതെന്നും ഷാള്‍ തിരികെ നല്‍കാമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഒടുവില്‍ പിഴ അടച്ചതിന് പിന്നാലെ രണ്ടുമണിക്കൂറിന് ശേഷമാണ് ഷാള്‍ തിരികെ നല്‍കിയതെന്നും യുവതി പറഞ്ഞു.
റെയില്‍വേയുടെ വിശദീകരണം:-
മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം ഷാള്‍ ഊരിയെടുത്തുനല്‍കിയതാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. മതിയായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് യാത്രക്കാരിയോട് 280 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി തന്നെ ഷാള്‍ വലിച്ചുപറച്ച് നല്‍കുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിന് യുവതിക്കെതിരേ ആര്‍.പി.എഫില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.
Content Highlights: allegation against train ticket examiner in kozhikode woman filed complaint
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..