Photo: twitter.com/CyberAnonymous
കൊല്‍ക്കത്ത: ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചതായി പരാതി. കൊല്‍ക്കത്ത ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരേയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ ആറുപേരുടെ മുടി മുറിച്ചെന്നാണ് ആരോപണം. കഴിഞ്ഞദിവസം ക്ലാസിനിടെ വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂളമടിച്ചിരുന്നു. ക്ലാസെടുത്തിരുന്ന അധ്യാപിക ആരാണ് ചൂളമടിച്ചതെന്ന് ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. ഇതോടെ സംശയമുള്ള ആറ് വിദ്യാര്‍ഥികളെ അധ്യാപിക പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പ്രധാനാധ്യാപിക ചോദിച്ചിട്ടും കുട്ടികള്‍ മറുപടി പറഞ്ഞില്ല. ഇതോടെയാണ് പ്രധാനാധ്യാപിക കത്രികയെടുത്ത് ആറ് കുട്ടികളുടെയും മുടി മുറിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, സംഭവത്തില്‍ ആരോപണവിധേയയായ ഇന്ദ്രാണി മസൂംദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെ അതീവഗൗരവത്തോടെയാണ് നോക്കികാണുന്നതെന്ന് സ്‌കൂള്‍ മാനേജിങ് കമ്മിറ്റി അംഗമായ അസിം ദത്ത പ്രതികരിച്ചു. കോടതി ഉത്തരവ് പ്രകാരം വിദ്യാര്‍ഥികളെ യാതൊരുരീതിയിലും ഉപദ്രവിക്കാന്‍ പാടില്ലെന്നും ഈ വിവരം അറിഞ്ഞയുടന്‍ സംഭവത്തെ അപലപിച്ചതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു ശിക്ഷാരീതി അംഗീകരിക്കാനാകില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാളും പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ മുടിമുറിച്ചുള്ള ശിക്ഷാരീതിയൊന്നും ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രധാനാധ്യാപികയ്‌ക്കെതിരേ നടപടി വേണമെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: allegation against kolkata school headmistress that she snipped students hair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..