അറസ്റ്റിലായ ഷംനാദ്, ശ്യാംശശി, രഞ്ജിത്ത്
ചാരുംമൂട്(ആലപ്പുഴ): ചാരുംമൂട്ടില്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ച കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍. നോട്ടച്ചടിച്ചിരുന്ന മുഖ്യപ്രതി തിരുവനന്തപുരം നേമം പുതിയകാരയ്ക്കാമണ്ഡപം ശിവന്‍കോവില്‍ റോഡില്‍ സ്വാഹിദ് വീട്ടില്‍ ശ്യാം ആറ്റിങ്ങല്‍ എന്നറിയപ്പെടുന്ന ഷംനാദ് (40), നോട്ടിന്റെ സ്‌കാനിങ്ങും രൂപകല്പനയുംചെയ്ത് അച്ചടിക്കാന്‍ സഹായിച്ചിരുന്ന കൊല്ലം കൊട്ടാരക്കര വാളകം പാണക്കാട് വീട്ടില്‍ ശ്യാം ശശി (29), ചാരുംമൂട് മേഖലയിലെ മുഖ്യ ഇടപാടുകാരനായ ചുനക്കര കോമല്ലൂര്‍ വേളൂര്‍വീട്ടില്‍ രഞ്ജിത്ത് (49) എന്നിവരെയാണ് നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കൊല്ലം കിഴക്കേ കല്ലട മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ക്കാരാണ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ക്ലീറ്റസ് പോലീസ് പിടിയിലായതറിഞ്ഞതോടെ മൈസൂരുവിലേക്കു കടക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനിടെയാണ് ഷംനാദ് പിടിയിലായത്. നോട്ടടിക്കാന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, പ്രിന്റര്‍, പേപ്പര്‍, ലാമിനേറ്റര്‍, പ്രത്യേകതരം പശ തുടങ്ങിയവയും നോട്ട് സൂക്ഷിച്ചിരുന്ന പ്രത്യേക അറയുള്ള കാറും ഇതിലുണ്ടായിരുന്ന നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. രണ്ടരവര്‍ഷമായി കള്ളനോട്ടിടപാടു നടത്തുന്ന ഇവര്‍ കോടികളുടെ നോട്ടടിച്ചതായാണ് ചോദ്യംചെയ്യലില്‍ ലഭിച്ച വിവരം.
ക്ലീറ്റസിനെ ചോദ്യംചെയ്തതോടെയാണ് സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യപ്രതിയായ ഷംനാദിനെ പിടികൂടാനായത്. 2000, 500, 200 നോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്. പ്രതികളെ മാവേലിക്കര കോടതി റിമാന്‍ഡുചെയ്തു.
പ്രിന്‍സിപ്പല്‍ എസ്.ഐ. നിതീഷ്, ജൂനിയര്‍ എസ്.ഐ. ദീപുപിള്ള, എസ്.ഐ.മാരായ കെ.ആര്‍. രാജീവ്, രാജേന്ദ്രന്‍, എ.എസ്.ഐ.മാരായ പുഷ്പാ ശോഭനന്‍, ബിന്ദു രാജ്, സി.പി.ഒ.മാരായ പ്രവീണ്‍, രഞ്ജിത്ത്, അരുണ്‍, വിഷ്ണു, ബിജു, കൃഷ്ണകുമാര്‍, പ്രസന്ന, ശ്രീകല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അന്വേഷണം സിനിമ-സീരിയല്‍ രംഗത്തേക്കും
സിനിമയിലും സീരിയലിലും വേഷങ്ങള്‍ചെയ്തിട്ടുള്ള മുഖ്യപ്രതിയായ ഷംനാദിനെ പിടികൂടിയതോടെ പോലീസ് അന്വേഷണം സിനിമ -സീരിയല്‍ രംഗത്തേക്കും വ്യാപിപ്പിക്കും. അച്ചടിച്ച കള്ളനോട്ടുകള്‍ ഈമേഖലയില്‍ ചെലവഴിച്ചിട്ടുണ്ടോയെന്നറിയാനാണ് അന്വേഷണം. കടുവ, കാപ്പ എന്നീ മലയാളം സിനിമകളിലും സിറൈയെന്ന തമിഴ് സിനിമയിലും രഹസ്യമെന്ന മലയാളം വെബ് സീരീസിലും ഷംനാദ് അഭിനയിച്ചിട്ടുണ്ട്. പ്രിന്റിങ് പ്രസില്‍ ഡിസൈനറായി ജോലിചെയ്തിരുന്ന പരിചയമാണ് ശ്യാം ശശിയെ വ്യാജനോട്ട് നിര്‍മാണത്തിലേക്കെത്തിച്ചത്.
Content Highlights: alappzuah charumood counterfeit currency note case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..