.jpg?$p=e881e88&f=16x10&w=856&q=0.8)
നൈജീരിയൻ സ്വദേശി എനുക അരിൻസി
ആലപ്പുഴ: ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയില്‍നിന്ന് 10 ലക്ഷംരൂപ തട്ടിച്ച നൈജീരിയന്‍ പൗരനെ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സൂചന. ഇയാള്‍ ഒറ്റയ്ക്കല്ല തട്ടിപ്പു നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, തട്ടിപ്പ് സംബന്ധിച്ചു കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. നാണക്കേടുമൂലം പുറത്തുപറയാത്ത സംഭവങ്ങളുമുണ്ടാകാം.
റിമാന്‍ഡിലായ നൈജീരിയന്‍ പൗരന് എനുക അരിന്‍സി ഇഫെന്നയെ (34) പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തും. തട്ടിപ്പിനു പിന്നില്‍ വലിയ സംഘമുണ്ടോയെന്നും അന്വേഷിക്കും. ഇന്ത്യക്കാരന്റെ അക്കൗണ്ട് ഉപയോഗിച്ചാണു തട്ടിപ്പു നടത്തിയതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിയില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സാധാരണ ഇത്തരം തട്ടിപ്പുകള്‍ വിദേശത്തുനിന്നു തന്നെയാണ് നടത്തുക. ഇക്കുറി ഇന്ത്യയിലെത്തി ഇവിടത്തെയാളുടെ അക്കൗണ്ട് നമ്പരാണു തട്ടിപ്പിനുപയോഗിച്ചത്.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞാണു വിശ്വസിപ്പിച്ചത്. തുടര്‍ന്ന് വാട്സാപ്പ് ചാറ്റിങ്ങിലൂടെ സൗഹൃദത്തിലായി.
ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യു.എസ്. ഡോളര്‍ എക്സ്ചേഞ്ച് ചെയ്യാന്‍ ഇന്ത്യന്‍ രൂപ വേണമെന്നും ബോധ്യപ്പെടുത്തി പലതവണയായി 10 ലക്ഷംരൂപ യുവതിയില്‍നിന്നു തട്ടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..